അജിമോൻ കല്ലൂർ
തൃശൂർ: ജില്ലയിൽ സ്വകാര്യബസുകളുടെ നിറങ്ങൾ നീലയും ചുവപ്പുമൊക്കെയായി നിശ്ചയിച്ചിട്ടും കൊടുക്കുന്ന ചാർജിന് ടിക്കറ്റില്ല. വളരെക്കുറച്ചു ബസുകളിൽ മാത്രമാണ് ടിക്കറ്റ് കൊടുക്കുന്ന പതിവുള്ളത്.
3000 ത്തിലധികം ബസുകൾ സർവീസ് നടത്തുന്ന തൃശൂരിലെ ഒട്ടുമിക്ക റൂട്ടുകളിലും സ്വകാര്യ ബസ് ജീവനക്കാർക്ക് ടിക്കറ്റ് കൊടുക്കുന്ന ശീലമില്ല. അധികൃതരുടെ ചെക്കിംഗ് കാണുന്പോൾ മാത്രമാണ് ടിക്കറ്റുകൾ യാത്രക്കാർക്കു കൊടുക്കുന്നത്.
അതും ഫെയർസ്റ്റേജ് അനുസരിച്ചുള്ള നിരക്ക് രേഖപ്പെടുത്തിയ ടിക്കറ്റുകളാകാറുമില്ല. തിരക്കിട്ട് തോന്നിയപടി ടിക്കറ്റുകൾ വിതരണംചെയ്യുകയാണ് മിക്കപ്പോഴും. ദീർഘദൂര ബസുകളിലും, ചില ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലും മാത്രമാണ് കൃത്യമായി ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്.
ബസുകളുടെ നിറം നീലയും കരിംചുവപ്പുമായി ഏകീകരിച്ചപ്പോൾ നിറംകണ്ടു ബസ് തിരിച്ചറിഞ്ഞിരുന്ന പ്രായമായവരെയാണ് ടിക്കറ്റില്ലായ്്മ കൂടുതൽ ബാധിക്കുന്നത്. ബസിൽ ഏതെങ്കിലും സാധനങ്ങൾ മറന്നുവയ്ക്കുകയോ മറ്റോ ചെയ്താൽ ടിക്കറ്റില്ലാത്തതിനാൽ ഏതു ബസാണെന്നു കണ്ടെത്താൻ ഒരു വഴിയുമില്ല.
മാത്രമല്ല അപകടത്തിൽപ്പെടുന്നതുൾപ്പെടെയുള്ള സന്ദർഭങ്ങളിൽ ആ ബസിൽ യാത്രചെയ്തിരുന്നു എന്നതിന് ഒരു തെളിവും ഹാജരാക്കാനില്ലാത്ത അവസ്ഥയാണ് യാത്രക്കാർക്ക്. ചില്ലറയെക്കറിച്ചു തർക്കങ്ങൾ കനക്കുന്പോൾ ബസ് ജീവനക്കാർ ടിക്കറ്റ് ചോദിച്ചയാളെ മറ്റുയാത്രക്കാരുടെ മുന്നിൽവച്ച് പരിഹസിക്കുന്നുവെന്നും പരാതികളുണ്ട്.
ഡോറുകളില്ലാത്തതിനാൽ യാത്രക്കാർ ബസിൽനിന്നു വീഴുന്നതും, കയറുന്നതിനുമുൻപ് വാഹനമെടുക്കുന്നതുമായി ബന്ധപ്പെട്ട് പരാതിയുയർന്നപ്പോൾ ഡ്രൈവർമാർ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകൾ വന്നു, എന്നാൽ യാത്രക്കാർ പണം നല്കുന്പോൾ അവർക്ക് ലഭിക്കേണ്ട ടിക്കറ്റ് ഇനിയും അകലെയാണ്. ടിക്കറ്റുകൾ കൃത്യമായി ലഭ്യമാക്കാൻ നടപടിവേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ടിക്കറ്റ് യാത്രികരുടെ അവകാശം: ബസ് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ
ബസ് ടിക്കറ്റുകൾ യാത്രികരുടെ അവകാശമാണെന്നും ടിക്കറ്റുകൾ നല്കാൻ ബസ് ഉടമകളോടു നിർദേശം നല്കിയിട്ടുണ്ടെന്നുമാണ് ബസ് ഒാപ്പറേറ്റേഴ്സ് അസോസാസിയേഷന്റെ നിലപാട്.നഗരത്തിലെ പ്രധാന റൂട്ടുകളായ ഒല്ലൂർ, കൂർക്കഞ്ചേരി, പുഴയ്ക്കൽ മേഖലകളിൽ റോഡുകൾ തകർന്ന അവസ്ഥയിലാണ്.
ഓരോ റൂട്ടുകളിലും അനുവദിച്ചിരിക്കുന്ന സമയവും പരിമിതമാണ്. വിദ്യാർഥികളുടേതുൾപ്പടെ തിരക്കേറുന്പോഴാണ് ടിക്കറ്റ് നല്കാൻ സാധിക്കാത്തതെന്നും എന്നാൽ യാത്രക്കാർ ഇത് ചോദിച്ചുവാങ്ങണണെന്നും ജില്ലാ സെക്രട്ടറി ആന്റോ ഫ്രാൻസിസ് പറഞ്ഞു.
ജിപിഎസ് സൗകര്യത്തോടെയുള്ള ടിക്കറ്റ്മെഷീനുകൾ നടപ്പിലാക്കാൻ അസോസിയേഷൻ ശ്രമിക്കുന്നുണ്ടെന്നും ഇത് പ്രാവർത്തികമായാൽ ടിക്കറ്റ് പ്രശ്നത്തിനു പരിഹാരമാകുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.