കൊട്ടാരക്കര: പുലമൺ കവലയിൽ ഗതാഗത തടസം സൃഷ്ടിച്ച സംഭവത്തിൽ അടൂരിലെ ഡിവൈഎഫ്ഐ.പ്രവർത്തകർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. നിയമ ലംഘനത്തിന് പെറ്റികേസാണ് ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6.30 ഓടെയാണ് പുലമൺ കവലയിൽ ഗതാഗത തടസവും സംഘർഷവും അരങ്ങേറിയത്. അടൂരിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകരെ ജാമ്യം ലഭിച്ചതിനെ തുടർന്ന് കൊട്ടാരക്കര സബ് ജയിലിൽ നിന്നും അടൂരിൽ നിന്നെത്തിയ പ്രവർത്തകർ വാഹനങ്ങളിൽ കൂട്ടിക്കൊണ്ടു പോകും വഴിയാണ് പ്രശ്നങ്ങളുണ്ടായത്.
ഇതിൽ ഒരു വാഹനം സിഗ്നൽ മറികടന്ന് പുലമണിൽ റോഡരുകിൽ പാർക്ക് ചെയ്യാൻ ശ്രമിച്ചു. ഇതു തടയാൻ ശ്രമിച്ച പോലീസുമായി വാക്കേറ്റമുണ്ടാവുകയും കൂടുതൽ പ്രവർത്തകരെത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുവത്രെ.
ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഇതു മൂലം എംസി റോഡിലും ദേശീയ പാതയിലും കുറച്ചു സമയം ഗതാഗതം തടസപ്പെട്ടിരുന്നു. വിശദമായ അന്വേഷണത്തിന് റൂറൽ എസ്പി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുള്ളത്.