ടെഹ്റാൻ: ഗാസ സംഘർഷത്തിൽ ഇറാൻ നേരിട്ടു പങ്കാളിയാകില്ലെന്നു ഹമാസ് തലവൻ ഇസ്മയിൽ ഹനിയയോട് ഇറേനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയ് വ്യക്തമാക്കിയതായി റിപ്പോർട്ട്. ഈ മാസമാദ്യം ടെഹ്റാനിൽവച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യുഎസിന്റെയോ ഇസ്രയേലിന്റെയോ ആക്രമണം നേരിട്ടാൽ മാത്രമേ ഇറാൻ യുദ്ധത്തിനിറങ്ങൂ. അല്ലാത്തിടത്തോളം ഹമാസിനു രാഷ്ട്രീയ, ധാർമിക പിന്തുണ നല്കുന്ന നിലപാടായിരിക്കും ഇറാന്റേത്.
ഇറാനും ലബനനിലെ ഹിസ്ബുള്ളയും ഇസ്രയേലിനെതിരേ യുദ്ധത്തിനിറങ്ങണമെന്ന് ആവശ്യപ്പെടുന്ന ഹമാസ് നേതാക്കളുടെ വായ അടപ്പിച്ചോളണമെന്നും ഹനിയയ്ക്കു ഖമനേയ് നിർദേശം നല്കി.
ഹമാസിനു പിന്തുണ നല്കുന്ന ഇറാനും ഹിസ്ബുള്ളയും ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തോടെ കരുതലോടെയാണു നീങ്ങുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.
ആയുധശേഷിയിൽ ഏറെ മുന്നിലുള്ള എതിരാളികളെ പ്രകോപിപ്പിക്കുന്നത് വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതികരണങ്ങൾ യുഎസുമായോ ഇസ്രയേലുമായോ വിപുലമായ ഏറ്റുമുട്ടലിൽ കലാശിക്കാതിരിക്കാനുള്ള മുൻകരുതൽ ഇറാനും ഹിസ്ബുള്ളയും എടുക്കുന്നുണ്ടത്രേ.