യോഗേഷ് ഗോൽയ എന്ന ജയ്പുർ സ്വദേശിയോട് ഇനിയാരും ഭാര്യയുടെ സന്മനസിനെക്കുറിച്ചും ദാന്പത്യജീവിതത്തിന്റെ മഹിമയെക്കുറിച്ചും സംസാരിക്കാൻ സാധ്യതയില്ല. കാരണം, ദാന്പത്യത്തിന്റെ ഇഴയടുപ്പത്തേക്കുറിച്ച് സംസാരിച്ച ഒരാൾ യോഗേഷിന്റെ ഇടികൊണ്ട് ആശുപത്രിയിലാണ്. നിരവധി ഗുണ്ടകളെ കിടുകിടാ വിറപ്പിച്ച മാനസസരോവർ അസിസ്റ്റന്റ് കമ്മീഷണർ ദേശ് രാജ് യാദവ് ആണ് മൂക്കിന്റെ പാലം തകർന്ന് ആശുപത്രിയിലുള്ളത്.
സംഭവം ഇങ്ങനെ… “എന്നെ ജയിലിലടയ്ക്കൂ…’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് മുപ്പതുകാരനായ യോഗേഷ് ജയ്പുരിലെ ഷിപ്രപാത് പോലീസ് സ്റ്റേഷനിലെത്തിയത്. കാരണം തിരക്കിയ പോലീസുകാരോട് താൻ ഭാര്യയെ മർദിച്ചെന്നും എതേങ്കിലും കുറ്റം ചുമത്തി തന്നെ ജയിലടയ്ക്കണമെന്നും യോഗേഷ് ആവശ്യപ്പെട്ടു. ഒന്നും മനസിലാകാതിരുന്ന അന്തംവിട്ട പോലീസുകാരോട് ശാന്തനായി യോഗേഷ് വീണ്ടുംപറഞ്ഞു… “ദയവുചെയ്ത് എന്നെ ജയിലിലടയ്ക്കണം, എന്റെ ഭാര്യയ്ക്കൊപ്പമുള്ള ജീവിതത്തേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ജയിൽവാസമാണ്…’ ഗോയൽ തന്റെ മനസുതുറന്നുതുടങ്ങിയപ്പോഴേക്കും സംഭവത്തിലെ കേന്ദ്ര കഥാപാത്രമായ ഗോയലിന്റെ ഭാര്യയും പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് മർദിച്ചതായി പരാതി നല്കാനാണ് അവരെത്തിയത്.
കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ ബോധ്യമായ പോലീസുകാർ ഇരുവരെയും എസിപി ദേശ് രാജിന്റെ അടുക്കലേക്കയച്ചു. ദാന്പത്യപരാജയമാണ് പ്രശ്നത്തിനു കാരണമെന്നു തിരിച്ചറിഞ്ഞ എസിപി പ്രശ്നം രമ്യമായി പരിഹരിക്കൻ കൗണ്സലിംഗ് ആരഭിച്ചു. സംസാരത്തിനിടെ എസിപി, യോഗേഷിന്റെ തോളത്ത് പിടിച്ചതും ഇടിപൊട്ടിയതും ഒരുമിച്ചായിരുന്നു. യോഗേഷിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ പതറിപ്പോയ എസിപിയുടെ മൂക്കിന്റെ പാലം തകർന്ന് ചോരയൊലിച്ചു. “അറസ്റ്റ് ചെയ്യാനുള്ള വകുപ്പ് ഇപ്പോൾ കിട്ടിയില്ലേ.. ഇനിയെങ്കിലും ജയിലിൽ അടയ്ക്കൂ..’ എന്നാണ് ഓടിയെത്തിയ പോലീസുകരോട് യോഗേഷ് വിളിച്ചുപറഞ്ഞത്. ഒടുവിൽ യോഗേഷിന്റെ ആഗ്രഹം സാധിച്ചു. ഇപ്പോൾ ജയിലിലാണ് കക്ഷി. പോലീസിന്റെ ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഇയാൾക്കെതിരേ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.