കൊച്ചി: പോക്സോ കേസില്‍ ഒളിവില്‍ കഴിയുന്ന നമ്പര്‍ 18 ഹോട്ടലുടമ റോയ് ജെ. വയലാട്ടും മറ്റൊരു പ്രതി സൈജു തങ്കച്ചനും കീഴടങ്ങിയേക്കുമെന്ന് സൂചന.
ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിട്ട് ആറു ദിവസം പിന്നിടുമ്പോഴും ഇവരെ കണ്ടെത്താന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.
റോയിയുടെയും സൈജുവിന്റെയും വീടുകളില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.
വലിയ സ്വാധീനമുള്ള റോയി രാജ്യം വിട്ടു പോയിട്ടില്ലെന്നാണ് പോലീസ് നിഗമനം. അതേസമയം റോയിയുടെയും സൈജുവിന്റെയും മുന്‍കൂര്‍ ജാമ്യം കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു.
ഇരയുടെ മൊഴിയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കേരള ഹൈക്കോടതിയുടെ വിധിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീകോടതി അറിയിക്കുകയായിരുന്നു.
കേസിലെ പ്രതിയായ അഞ്ജലി റിമ ദേവിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. കോഴിക്കോട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് റോയിക്കെതിരേയുള്ള കേസ്.
സൈജുവും അഞ്ജലിയും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരേയുളള പരാതി.