ഐഎസിന്റെ പിടിയില്‍ അകപ്പെടുമ്പോള്‍ പ്രായം 21 മാത്രം; പിന്നീടുള്ള മൂന്നുമാസം നേരിട്ടത് കൂട്ടമാനഭംഗമുള്‍പ്പെടെയുള്ള കൊടിയ പീഡനങ്ങള്‍; സമാധാന നോബല്‍ ജേത്രി നാദിയ മുറാദ് അതിജീവനത്തിന്റെ പുതിയ മുഖം

ഇത്തവണത്തെ സമാധാന നോബല്‍ സമ്മാനം നേടിയ യസീദി യുവതി നാദിയ മുറാദിനെ അതിജീവനത്തിന്റെ ആധുനിക മാതൃകയായി ആവും ചരിത്രത്തില്‍ അടയാളപ്പെടുത്തുക. ഇരുപത്തിയൊന്നാം വയസില്‍ ഐ.എസ്. തടവറയിലെത്തിയതാണു നാദിയ മുറാദ്. മൂന്നു മാസത്തോളം ലൈംഗിക അടിമയായുള്ള ജീവിതം. ഇരുള്‍ മൂടിയ മുറികളിലെ അരണ്ടവെളിച്ചത്തില്‍ പലരും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ഭീകരനെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. എല്ലാം നഷ്ടമായതിനു ശേഷം ജീവനും കൊണ്ട് ഒരു രക്ഷപ്പെടലും. നാദിയയുടെ പോരാട്ടത്തിന്റെ കഥ തുടങ്ങുന്നത് അവിടെയായിരുന്നു.
നാലു വര്‍ഷത്തിനിപ്പുറം സമാധാന നൊബേല്‍ എന്ന അംഗീകാരനിറവില്‍ എത്തുമ്പോഴും, ഈ പുരസ്‌കാരം നാദിയയുടെ മനസ്സില്‍ ഉണര്‍ത്തുന്നത് ചില നീറുന്ന വേദനകളെയാണ്.

2014 ഓഗസ്റ്റ്. വടക്കന്‍ ഇറാഖിലെ കോച്ചോ ഗ്രാമത്തിലേക്ക് ഇസ്ലാമിക് ജിഹാദികള്‍ ഇരച്ചുകയറുന്നതുവരെ മുറാദിന്റെ ലോകം സുന്ദരമായിരുന്നു. വെളുത്തു കൊലുന്നനെയുള്ള പെണ്‍കുട്ടി. ബ്രൗണ്‍ നിറത്തിലുള്ള തലമുടി. വടക്കന്‍ ഇറാഖിലെ സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമത്തില്‍ അവളുടെ ജീവിതം ശാന്തമായിരുന്നു. പക്ഷേ, കറുത്ത കൊടി പാറിച്ചു ജിഹാദി ട്രക്കുകളും പിക്കപ്പ് വാനുകളും ആ വഴി വന്നതോടെ മറ്റനേകം യസീദി പെണ്‍കുട്ടികളുടേതു പോലെ അവളുടെയും ജീവിതം മാറിമറിഞ്ഞു.

സംഹാര താണ്ഡവമാടിയ ഐഎസ് തീവ്രവാദികള്‍ തെരുവില്‍ മുന്നൂറോളം ആണുങ്ങളുടെ തലയറുത്തു മുന്നേറി. അതില്‍ നാദിയയുടെ സഹോദരന്മാരുമുണ്ടായിരുന്നു. എട്ടുസഹോദരന്മാരില്‍ ആറുപേരുടെയും തലയറുത്തത് അവളുടെ കണ്‍മുന്നിലായിരുന്നു. നാദിയെയും രണ്ടു സഹോദരിമാരെയും അവരുടെ ബന്ധുക്കളായ പെണ്‍കുട്ടികളെയും ഭീകരര്‍ ബലമായി പിടിച്ചുകൊണ്ടുപോയി, ലൈംഗിക അടിമയാക്കാന്‍. പ്രായമായ അമ്മയെക്കൊണ്ടു പ്രയോജനമില്ലെന്നു കണ്ട് അവരെ വെടിവച്ചുകൊന്നു. നാദിയയെ അവര്‍ പിടിച്ചുകൊണ്ടുപോയത് മൊസൂളിലേക്കായിരുന്നു. ഐഎസ്. സ്വയം പ്രഖ്യാപിച്ച സാമ്രാജ്യത്തിന്റെ ശക്തിദുര്‍ഗത്തിലേക്ക്. അവിടെയെത്തിയതും ഭീകരതയുടെ കോട്ടയിലകപ്പെട്ടു അവള്‍.

ഒരു കെട്ടിടത്തില്‍ പാര്‍പ്പിച്ചിരുന്നത് ആയിരക്കണക്കിന് യസീദികളെയായിരുന്നു. അവരെ പലര്‍ക്കും കൈമാറി. വലിയ തടിച്ചുകൊഴുത്തൊരാള്‍ നാദിയയെ കൂട്ടിക്കൊണ്ടുപോയി. അലറി വിളിച്ചിട്ടും ഫലമുണ്ടായില്ല. അയാള്‍ ചവിട്ടി നിലത്തിട്ടു. തല്ലിച്ചതച്ചു. പിന്നെ മാനം കവര്‍ന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ മെലിഞ്ഞ മറ്റൊരാള്‍ മുറിയിലേക്കു വന്നു. അയാള്‍ വസ്ത്രങ്ങള്‍ അഴിപ്പിച്ചു. മേക്കപ്പ് ഇടുവിച്ചു. അതും ഭീകരമായ മറ്റൊരു രാത്രി…രക്ഷപ്പെടാന്‍ ശ്രമിച്ചതാണ്. അപ്പോഴേയ്ക്കും ഗാര്‍ഡുകള്‍ പിടികൂടി. അവര്‍ ഒരു മുറിക്കുള്ളില്‍ പൂട്ടി. അതിനകത്തുവച്ച് അവള്‍ ബോധംകെട്ടു വീഴുംവരെ അവര്‍ ഉപദ്രവിച്ചു. പിന്നീടങ്ങോട്ടു കൂട്ടമാനഭംഗത്തിന്റെ ദിനങ്ങളായിരുന്നു.

ഇരയെ പലരും പല തവണ വേട്ടയാടി. ഓരോദിവസവും ഉണരുന്നതുതന്നെ മാനഭംഗത്തിലേക്ക്. മരിച്ച അമ്മയെയും സഹോദരങ്ങളെ കൂടി അവള്‍ക്ക് ഓര്‍ക്കാന്‍ പറ്റിയില്ല. ജീവിച്ചിരുന്നവര്‍ അത്രയ്ക്കു വേട്ടയാടപ്പെടുന്ന ദിനങ്ങളായിരുന്നു അത്.യസീദി സ്ത്രീകളോടു കൊടുംപകയായിരുന്നു ജിഹാദികള്‍ക്ക്. കുര്‍ദിഷ് ഭാഷ സംസാരിക്കുന്ന അവരെ നിര്‍ബന്ധിച്ച് ഇസ്ലാം മതത്തിലേക്കു മാറ്റുന്നതില്‍ ജിഹാദികള്‍ ആനന്ദം പൂണ്ടു. പലരെയും അടിമച്ചന്തയില്‍ വിറ്റു.മറ്റു പലരെയും ബലപ്രയോഗത്തിലൂടെ വിവാഹം ചെയ്തു.

അതേ വിധിതന്നെയായിരുന്നു നാദിയയെയും കാത്തിരുന്നത്. ജിഹാദികളിലൊരാള്‍ കൈക്കരുത്തിലൂടെ അവളെ ഭാര്യയാക്കി. അടിച്ചും മര്‍ദിച്ചും അവളെ ഇംഗിതത്തിന് ഇരയാക്കി. ചോരയുടെ ഗന്ധം വീര്‍പ്പുമുട്ടിച്ച നാളുകള്‍. എങ്ങും വെടിയൊച്ച. എങ്ങനെയും രക്ഷപ്പെടാന്‍ മനസു കൊതിച്ചു. ഒടുവില്‍ അതു സാധിച്ചു. മൊസൂളിലെ ഒരു മുസ്ലിം കുടുംബത്തിന്റെ സഹായത്തോടെ അവള്‍ തടവില്‍നിന്ന് ഒളിച്ചോടി. കള്ളരേഖകളുടെ ബലത്തില്‍ കുറേ കിലോമീറ്ററുകള്‍ താണ്ടി കുര്‍ദിസ്താന്‍ പ്രവിശ്യയിലെത്തി. യസീദി സ്ത്രീകളുടെ ക്യാമ്പില്‍ അഭയം തേടി.

പിന്നീടുള്ള നാളുകള്‍ പോരാട്ടത്തിന്റേതായിരുന്നു. യസീദി പെണ്‍കുട്ടികളെ സഹായിക്കുന്ന സംഘടനയുടെ സഹായത്തോടെ അവള്‍ ജര്‍മനിയിലുള്ള സഹോദരിയുടെ അടുത്തെത്തി. അവിടെ നിന്നുകൊണ്ട് ‘ നമ്മുടെ പേരാട്ടം’എന്നൊരു വേദി രൂപീകരിച്ച് ജിഹാദികള്‍ക്കെതിരേ പോരാട്ടത്തിനു തുടക്കമിട്ടു. പതിയെപ്പതിയെ പീഡനങ്ങള്‍ക്കെതിരായ ലോകത്തിന്റെ ശബ്ദമായി അവള്‍ മാറി. ജിഹാദി കൂട്ടക്കൊലയ്ക്കും മാനഭംഗങ്ങള്‍ക്കുമെതിരേ മുറാദ് ലോകരാജ്യങ്ങളുടെ പിന്തുണ ഇരന്നു. ലെബനീസ് ബ്രിട്ടീഷ് അഭിഭാഷകയയും ഹോളിവുഡ് നടന്‍ ജോര്‍ജ് ക്ലൂണിയുടെ ഭാര്യയുമായ അമല്‍ ക്ലൂണി നാദിയയ്ക്ക് പിന്തുണയുമായെത്തിയത് പോരാട്ടം കരുത്താര്‍ജ്ജിക്കുന്നതിനു കാരണമായി. അങ്ങനെയാണു’ദ് ലാസ്റ്റ് ഗേള്‍’ എന്ന പേരില്‍ മുറാദിന്റെ പുസ്തകമിറങ്ങുന്നത്. പോരാട്ടത്തിന്റെ പുതിയമുഖമായ പെണ്‍കുട്ടിയെ തേടി അര്‍ഹിക്കുന്ന അംഗീകാരമെത്തിയതും കാവ്യനീതിയായി.

Related posts