ഓസ്ലോ: ഈ വർഷത്തെ സമാധന നൊബേൽ പുരസ്കാരം ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നവരിൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി, റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയും മുന്നിൽ.
259 വ്യക്തികളും 92 സംഘടനകളുമടക്കം 351 പേരുടെ പട്ടികയിൽനിന്നാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക. ഒക്ടോബർ ആറിനാണു പുരസ്കാരം പ്രഖ്യാപിക്കുക.
ചൈനീസ് സർക്കാർ ജയിലിൽ അടച്ചിരിക്കുന്ന ഉയിഗർ നേതാവ് ഇൽഹാം തോഹ്തിയാണു വാതുവയ്പുകാർക്കു പ്രിയപ്പെട്ട മൂന്നാമത്തെയാൾ.
ഇറാനിൽ വനിതകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന നർഗീസ് മൊഹമ്മദി, അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണകൂടത്തെ വെല്ലുവിളിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചാരണം നടത്തുന്ന മെഹ്ബൂബ സെർജ എന്നിവർക്കും നൊബേൽ പ്രതീക്ഷിക്കപ്പെടുന്നു.
വാതുവയ്പുകാരിൽ ഭൂരിഭാഗവും സെലൻസ്കിയെയാണു പിന്തുണയ്ക്കുന്നതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ യുദ്ധകാല നേതാവായതിനാൽ അദ്ദേഹത്തിനു കിട്ടാതിരിക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ വർഷത്തെ സമാധാന നൊബേൽ ജേതാക്കളിലൊരാൾ റഷ്യൻ വിമതനായതിനാൽ അലക്സി നവൽനിക്കും കിട്ടാതിരിക്കാം.