മണ്ണടരുകൾ പറഞ്ഞത് അപരിചിതവും അസാധാരണവുമായ ഒരു കഥയാണ്. താഴ്ന്നുചെല്ലുംതോറും നിരനിരയായി കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ.
മലർന്ന്, കൈകൾ ഇരുവശത്തേക്കും നിവർത്തിവച്ച്, ഒരു സ്കൂൾ അസംബ്ലിയിലെ അച്ചടക്കത്തോടെ എന്നവിധം അവർ കിടക്കുന്നു. അച്ചടക്കമില്ലാത്ത മരണം എങ്ങനെ വന്നുവെന്ന് അറിവില്ലാത്ത 115 പേർ. പര്യവേക്ഷകർ വിചിത്രമായൊന്നുകൂടി കണ്ടെത്തി- അവരുടെ വായിൽ നാണയങ്ങൾ കുത്തിനിറച്ചിരിക്കുന്നു!
കാടുവെട്ടിയത് റോഡിന്
ഗ്രീസ് മുതൽ ലിത്വാനിയ വരെ നീളുന്ന ഒരു എക്സ്പ്രസ് മോട്ടോർ വേ ഒരുങ്ങുന്നുണ്ട്. പോളണ്ടിൽ ആ പാതയ്ക്കായി കാടുവെട്ടിത്തെളിക്കുന്നതിനിടെയാണ് ഈ കൂട്ടക്കുഴിമാടം കണ്ടെത്തിയത്.
നിസ്കോ എന്നുപേരുള്ള ഒരു പട്ടണത്തോടു ചേർന്ന് കാണപ്പെട്ട ഇവിടെ ഇപ്പോൾ വാഹനങ്ങൾക്കുമുന്പ് ഓർമകൾ ചീറിപ്പായുന്നു. ഇങ്ങനെയൊരു കുഴിമാടമുണ്ടെന്ന് ആ പ്രദേശവാസികൾക്കിടയിൽ ഏറെക്കാലമായി ഒരു കഥ നിലനിന്നിരുന്നു.
എവിടെയെന്നോ എങ്ങനെയെന്നോ അറിയാത്ത ഒരിടമായിരുന്നു ഇതുവരെയും അത്. ഇപ്പോൾ അത് യാഥാർഥ്യമായിരിക്കുന്നു. ഗവേഷകർക്ക് ഒട്ടേറെ പഠനങ്ങൾക്കു വഴിതുറന്നിരിക്കുന്നു.
പതിനാറാം നൂറ്റാണ്ടിലേക്ക്
ഗവേഷകരുടെ അഭിപ്രായമനുസരിച്ച് ഈ കുഴിമാടം പതിനാറാം നൂറ്റാണ്ടിലേതാണ്. ഇവിടെ അടക്കം ചെയ്തവരിൽ ഏതാണ്ട് 80 ശതമാനവും കുട്ടികൾ. അങ്ങനെ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളുടെ വായ്ഭാഗത്താണ് നാണയശേഖരം.
1587 മുതൽ 1632 വരെ പോളണ്ട് ഭരിച്ച സിഗിസ്മണ്ട് മൂന്നാമന്റെയും 1648 മുതൽ 1668 വരെ രാജാവായിരുന്ന ജോണ് രണ്ടാമൻ കാസിമിറിന്റെയും കാലത്തെ നാണയങ്ങളാണ് ഇവയെന്നു ഗവേഷകർ കണ്ടെത്തി.
മരിച്ചവർക്ക് എന്തിന് പണം?
ന്യായമായ ചോദ്യമാണ്. ജനിക്കുന്പോൾ ആരും ഒന്നും കൊണ്ടുവരുന്നില്ല, വെട്ടിപ്പിടിച്ചതൊന്നും മരിക്കുന്പോൾ കൊണ്ടുപോകുന്നുമില്ല. കുട്ടികളാണെങ്കിൽ പണം സന്പാദിക്കാനുള്ള പ്രായവുമായിട്ടില്ല. പിന്നെന്തിന്, എവിടെനിന്നാണ് ഈ നാണയങ്ങൾ എന്ന ചോദ്യത്തിന് ഉത്തരമുണ്ട്.
കുഴിമാടം കണ്ടെത്തിയ സ്ഥലത്ത് ജോലിചെയ്യുന്ന ഗവേഷകയായ കതാർസിന ഒലേസേക് പറയുന്നത് ഇങ്ങനെയാണ്- അക്കാലത്ത് അങ്ങനെയൊരു നാടോടി പാരന്പര്യം നിലനിന്നിരുന്നു.
മരിച്ചവരെ മരണാനന്തര ജീവിതത്തിനു പൂർണസജ്ജരാക്കി വേണം സംസ്കാരം. മരണാനന്തര ജീവിതത്തിലേക്കു പ്രവേശിക്കാൻ പണംവേണം. ഈ പണം ഒരു ചെറിയ കൈക്കൂലി കൊടുക്കാൻ വേണ്ടിയുള്ളതുമാണ്.
ആർക്കുള്ള കൈക്കൂലി? ആ കഥ ഇങ്ങനെ:
ജീവനുള്ള ലോകത്തെയും മരിച്ചവർക്കുള്ള ലോകത്തെയും വേർതിരിക്കുന്ന ഒരു വലിയ നദിയുണ്ട് ആ സങ്കല്പത്തിൽ. ആ നദിയിലെ കടത്തുകാരനായ കാരോണിനു പണം കൊടുത്തേപറ്റൂ. നദികടന്ന് മരിച്ചവരുടെ ലോകത്തെത്താൻ ആത്മാവിന് അയാളുടെ സഹായം കൂടിയേതീരൂ!
പഠനം തുടരുന്നു
കതാർസിന അടക്കമുള്ള ഗവേഷകർ കുഴിമാടം കണ്ടെത്തിയ സ്ഥലത്ത് പഠനം തുടരുകയാണ്. മൃതശരീരങ്ങൾ അടക്കം ചെയ്തതും സൂക്ഷിച്ചതുമായ രീതികൾ കാണുന്പോൾ ഇതൊരു ക്രിസ്ത്യൻ സെമിത്തേരിയാണോ എന്നു സംശയിക്കുന്നതായി അവർ പറയുന്നു.
പലപ്പോഴായി അടക്കിയിട്ടുള്ള ശരീരങ്ങൾക്ക് ഒരു കേടും വരാത്തവിധം ശ്രദ്ധയോടെയാണു സൂക്ഷിപ്പുകാർ ഇവിടെ സംസ്കാരം നടത്തിയിരുന്നത്.
തൊട്ടടുത്തുതന്നെ എവിടെയെങ്കിലും മുതിർന്നവരുടെ കുഴിമാടങ്ങളുണ്ടോയെന്നു പരിശോധിക്കുകയാണ് ഗവേഷകരിപ്പോൾ. ചരിത്രം ഈ കുഴിമാടത്തിലും സ്പന്ദിക്കുന്നു.
തയാറാക്കിയത്: വി.ആർ. ഹരിപ്രസാദ്