ഫോണുകള്‍ പൊട്ടിത്തെറിക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഇതാ ഒരു വ്യത്യസ്ത സംഭവം. അങ്ങ് അമേരിക്കയില്‍ നിന്നാണ് ഈ വാര്‍ത്ത. മൈക്രോസോഫ്റ്റില്‍ ജീവനക്കാരനായ പീറ്റര്‍ സ്കില്‍മാനാണ് നോക്കിയ ഫോണ്‍ ഒരാളുടെ ജീവന്‍ രക്ഷിച്ച സംഭവം സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു നോക്കിയ 301 ഫോണ്‍ വെടിയുണ്ടയെ തടുത്ത ചിത്രങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ട വ്യക്തി അഫ്ഗാനിസ്ഥാനില്‍ ആണെന്നും പീറ്റര്‍ പറയുന്നു. സംഭവം വൈറല്‍ ആയതോടെ നോക്കിയ ഫാന്‍സ് സോഷ്യല്‍മീഡിയയില്‍ അരങ്ങുവാഴുകയാണ്. പൊട്ടിത്തെറിക്കുന്ന ഫോണുകള്‍ക്ക് ഇടയില്‍ ജീവന്‍ രക്ഷിക്കുന്ന ഫോണ്‍ ആണ് നോക്കിയ എന്നാണ് ചിലരുടെ അഭിപ്രായം.
അഫ്ഗാന്‍ വംശജനായ യുവാവ് പോക്കറ്റില്‍ മൊബൈലുമായി യാത്ര ചെയ്യുന്നതിനിടെ തീവ്രവാദികള്‍ ഇയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവത്രേ. ചില വെടിയുണ്ട ഇയാളുടെ സമീപത്തുകൂടെ പോയി. ഒരെണ്ണം നെഞ്ചിലും തറച്ചു. ഇയാള്‍ നിലത്തുവീണപ്പോള്‍ മരിച്ചെന്നുകരുതി തീവ്രവാദികള്‍ പോകുകയും ചെയ്തു. എന്നാല്‍, വെടിയുണ്ട കൊണ്ടത് ഇയാളുടെ പോക്കറ്റില്‍ കിടന്ന നോക്കിയ ഫോണിലാണത്രേ. ഫോണ്‍ തകര്‍ന്നെങ്കിലും യുവാവിന് യാതൊന്നും സംഭവിച്ചില്ല. പീറ്ററിന്റെ അവകാശവാദം സത്യമാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.