ഹരിപ്പാട്: ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി നോക്കുകൂലി പിരിച്ച രണ്ടുപേർ അറസ്റ്റിൽ. ആളൊന്നിന് 150 രൂപ വീതം ഇതരസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി നോക്കുകൂലി പിരിവ് എടുത്ത കാർത്തികപ്പള്ളി എരുമപ്പുറത്ത് കിഴക്കതിൽ വിനോദ് (28), പുത്തൻ കണ്ടത്തിൽ ശരത്ത് (25) എന്നിവരെയാണ് ഹരിപ്പാട് പോലീസ് പിടികൂടിയത്.
ആർ.കെ.ജംഗ്ഷ്ന് പടിഞ്ഞാറ് വാടകവീട്ടിൽ താമസിച്ചിരുന്ന ഒരു കൂട്ടം ഇതരസംസ്ഥാന തൊഴിലാളികളെയാണ് ഇവർ ഭീഷണിപ്പെടുത്തി പണം പിരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഇവർ ബൈക്കിലെത്തി പിരിവ് ആവശ്യപ്പെട്ടിരുന്നു. ആദ്യം തർക്കിച്ചെങ്കിലും രൂപ നല്കി. വൈുന്നേരം വീണ്ടുമെത്തി ഭീഷണിപ്പെടുത്തി പിരിവ് ആവശ്യപ്പെട്ടപ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസിൽ പരാതി നല്കിയത്.
ഇവർ വന്ന ബൈക്ക് നന്പരും പോലീസിന് കൈമാറിയിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം പ്രതികൾ പോലീസ് വലയിലായി. കുടുതൽ പേർ ഇവരുടെ തട്ടിപ്പിനിരകളായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എസ്ഐ കെ.വി. ആനന്ദബാബുവിന്റെ നേതൃത്വത്തിൽ സിപിഒ മാരായ സാഗർ,അനിരുദ്ധൻ, സാംജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.