മുഖ്യമന്ത്രി അങ്ങനെ പലതും പറയും…വീടുപണിക്കെത്തിച്ച സിമന്റ് ഇറക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെ കൈ സി.ഐ.ടി.യുക്കാര്‍ തല്ലിയൊടിച്ചു; മുഖ്യമന്ത്രി പറഞ്ഞത് വെറുംവാക്കായി…

കുമരകം:നോക്കുകൂലിയും യൂണിയനുകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില കല്‍പ്പിച്ച് സിപിഎമ്മിന്റെ തൊഴിലാളി സംഘടന. നോക്കുകൂലി ഇനിയില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി നാവെടുക്കും മുമ്പേ തന്നെ വീടുപണിക്കെത്തിച്ച സിമന്റ് ലോറിയില്‍നിന്ന് ഇറക്കാന്‍ ശ്രമിച്ച ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചാണ് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ പ്രതികരിച്ചത്.

ഇന്നലെ വൈകിട്ട് 3.30ന് കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്‌കൂളിനു മുന്നിലായിരുന്നു സംഭവം. സ്വന്തം വീടിന്റെ കോണ്‍ക്രീറ്റ് പണിക്കായി എത്തിച്ച സിമെന്റ് ഇറക്കാന്‍ ശ്രമിച്ച വായിത്ര ആന്റണി (51)ക്കാണു മര്‍ദനമേറ്റത്. കുമരകം പഞ്ചായത്തിന്റെ ആംബുലന്‍സ് ഡ്രൈവറായ ആന്റണി ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ജോയലിന്റെ സഹായത്തോടെ ഏതാനും ചാക്ക് സിമെന്റ് ഇറക്കിയപ്പോഴേക്കും സി.ഐ.ടി.യുക്കാരാണെന്നും തങ്ങള്‍ സിമെന്റ് ഇറക്കുമെന്നും പറഞ്ഞ് മൂന്നുപേരെത്തി.

അതു വേണ്ടെന്നും സ്വയം ഇറക്കിക്കൊള്ളാമെന്നും പറഞ്ഞ് ലോറിയില്‍ കയറിയ തന്നെ തള്ളിയിട്ട് മര്‍ദിക്കുകയായിരുന്നെന്ന് ആന്റണി പറഞ്ഞു. പരുക്കേറ്റ ആന്റണി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

 

Related posts