ചാലക്കുടി: നോർത്ത് ബസ് സ്റ്റാൻഡ് റോഡിലേക്കുള്ള സിമന്റ് ഇഷ്ടിക വിരിക്കുന്നത് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു തൊഴിലാളികൾ തടഞ്ഞു. സിമന്റ് ഇഷ്ടിക തൊഴിലാളികളുടെ സഹായമില്ലാതെ ലോറിയിൽ നിന്ന് ഇറക്കിയതായിരുന്നു. എന്നാൽ സിഐടിയു തൊഴിലാളികളെത്തി കരാറുകാരനോട് 5000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു.
എന്നാൽ കരാറുകാരൻ നൽകാൻ തയാറായില്ല. ഇതിനെ തുടർന്ന് സിമന്റ് ഇഷ്ടിക റോഡിൽ വിരിക്കുന്ന പണി തൊഴിലാളികൾ തടഞ്ഞു. ഇതോടെ കരാറുകാരൻ പണി നിർത്തിവച്ചു. ഒടുവിൽ സിഐടിയു നേതാവ് കൂടിയായ നഗരസഭ ക്ഷേമകാര്യ ചെയർമാനും ഭരണകക്ഷി ലീഡറുമായ പി.എം. ശ്രീധരൻ സ്ഥലത്തെത്തി തൊഴിലാളികളും കരാറുകാരനുമായി ചർച്ച നടത്തി 2000 രൂപ നോക്കുകൂലി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.
നഗരസഭ ഭരണം നടത്തുന്ന സിപിഎമ്മിന്റെ അഭിമാനപ്രശ്നമായ നോർത്ത് ബസ് സ്റ്റാൻഡിന്റെ നിർമാണത്തിന് സിഐടിയു തൊഴിലാളികൾ തന്നെ നോക്കുകൂലി ആവശ്യപ്പെട്ട് തടസം സൃഷ്ടിച്ചത് നേതാക്കൾക്ക് തിരിച്ചടിയായി.
പ്രശ്നം തീർന്നതിനെതുടർന്ന് ഇന്ന് രാവിലെ ഇഷ്ടിക വിരിക്കൽ പണി ആരംഭിച്ചു.