തലശേരി: തലശേരി നഗരത്തിലും നോക്കു കൂലി. നോക്കു കൂലി നൽകാൻ വിസമ്മതിച്ച ഡിഗ്രി വിദ്യാർഥിയെ അക്രമിച്ചു. വിദ്യാർഥി ബസിൽ വെച്ച പാർസൽ ബലമായി പിടിച്ചെടുത്ത് രണ്ട് ദിവസം ചുമട്ട് തൊഴിലാളി സംഘടനയുടെ ഓഫീസിൽ കസ്റ്റഡിയിൽ വയ്ക്കുകയും നോക്കു കൂലിയായി 40 രൂപ ബലമായി വാങ്ങുകയും ചെയ്ത ശേഷം പാർസൽ വിട്ടു കൊടുക്കുകയും ചെയ്തു.
സംഭവത്തിൽ എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശ പ്രകാരം കണ്ടാലറിയാവുന്ന ചുമട്ട് തൊഴിലാളിക്കെതിരെ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ മാസം 27 ന് ഉച്ചക്ക് 1.30 ന് പുതിയ ബസ്സ്റ്റാൻഡിലാണ് കേസിനാസ്പദമാണ് സംഭവം നടന്നത്.ഇന്നലെ രാത്രിയിലാണ് പോലീസ് കേസെടുത്തത്.എസ്ഐ എ. അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.
മഹാരാഷട്ര മറാത്ത്വാഡയിൽ ഡിഗ്രി വിദ്യാർഥിയായ കടവത്തൂർ കുറുക്കാട്ട് നരിക്കോട്ടുമ്മൽ വീട്ടിൽ ഫവാസ് ബഷീറാണ് നഗരമധ്യത്തിൽ ചുമട്ട് തൊഴിലാളിയുടെ ക്രൂരതക്കിരയായത്. തലശേരിയിൽ നിന്നും സ്വകാര്യ ബസിൽ കർട്ടൻ മെറ്റീരിയൽസ് കുടകിലേക്ക് കയറ്റി അയക്കാനാണ് ഫവാസ് ബസ്സ്റ്റാൻഡിലെത്തിയത്. ബസിൽ പാർസൽ വെച്ച് പുറത്തിറക്കിയ ഫവാസിനെ തൊഴിലാളികൾ വളഞ്ഞു.
ഇവിടെ കെട്ടുകൾ എടുക്കാനും പറ്റില്ല വയ്ക്കാനും പറ്റില്ല. ഞങ്ങളാണ് ഇതെല്ലാം ചെയ്യുക എന്ന് പറഞ്ഞ് സംഘത്തിലെ ഒരു തൊഴിലാളി തന്റെ പുറത്തടിച്ചുവെന്ന് ഫവാസ് രാഷ്ട്രദീപികയോട് പറഞ്ഞു.തുടർന്ന് പോസ് അവിടെ നിന്നും സ്ഥലം വിട്ടു.
എന്നാൽ ബസിൽ കയറ്റി വെച്ച പാർസൽ കുടകിൽ എത്തിയില്ലെന്ന് വ്യക്തമായതോടെ നടത്തിയ അന്വഷണത്തിലാണ് പാർസൽ ബസ്സിൽ നിന്നും തൊഴിലാളികൾ എടുത്തു കൊണ്ടു പോയതായി അറിഞ്ഞത്.തുടർന്ന് തൊഴിലാളികളുടെ സംഘടനാ ഓഫീസിൽ രണ്ട് ദിവസം കയറിയിറങ്ങിയ ശേഷമാണ് നോക്കു കൂലിയായി 40 രൂപ ഈടാക്കിയ ശേഷം പാർസൽ വിട്ടു തന്നതെന്നും തനിക്കുണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് എഎസ്പിയെ കണ്ട് പരാതി നൽകിയതെന്നും ഫവാസ് പറഞ്ഞു.