കോട്ടയം: സർക്കാർ സ്കൂളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് നോക്കുകൂലി ചോദിച്ച യൂണിയനുകൾക്ക് കോടതിയുടെ ഇരുട്ടടി. യൂണിയന്റേത് നിയമ വിരുദ്ധ നടപടിയാണെന്നും കരാറുകാരന് പോലീസ് സംരക്ഷണം നല്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു.
തൊടുപുഴ മഠത്തിൽ എന്റർ പ്രൈസസസ് മാനേജിംഗ് പാർട്ണർ ജൽമോൻ ജോണ് അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന ഹൈക്കോടതിയിൽ നല്കിയ ഹർജിയിൽ പാലാ ഗവണ്മെന്റ് സ്കൂളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് പോലീസ് സംരക്ഷണം നല്കാൻ പാലാ സിഐക്ക് ഹൈക്കോടതി ജഡ്ജിമാരായ പി.ആർ.രാമചന്ദ്രമേനോൻ, ദേവൻ രാമചന്ദ്രൻ എന്നിവർ നിർദേശം നല്കി.
പാലാ ഗവണ്മെന്റ് ഹൈസ്കൂൾ ആധുനികവത്കരിക്കാൻ കരാറെടുത്ത സമയത്താണ് യൂണിയനുകൾ നോക്കുകൂലി ചോദിച്ച് പണി തടസപ്പെടുത്തിയത്. സിഐടിയു, കെടിയുസി എന്നീ യൂണിയൻ നേതാക്കൾക്കും കോട്ടയം എസ്പി, പാലാ ഡിവൈഎസ്പി , പാലാ സിഐ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നല്കിയത്.
ഗവണ്മെന്റ് സ്കൂളുകൾ ഹെഡ് ലോഡ് വർക്കേഴ്സിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ ടോം ജോസ് പടിഞ്ഞാറേക്കര കോടതിയിൽ വാദിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.