ആലപ്പുഴ: നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സിപിഎം നേതാക്കളും സിഐടിയു നേതാക്കളും ആവർത്തിച്ച് പ്രഖ്യാപിക്കുന്പോഴും നോക്കുകൂലി വിവാദങ്ങളുമായി ബന്ധപ്പെട്ട് സിഐടിയു നിലപാടുകൾ വാക്കുകളിലൊതുങ്ങുന്നതായി ആക്ഷേപം. കണിയാകുളം, കലവൂർ എന്നിവിടങ്ങളിൽ നോക്കൂകൂലിയുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ സിഐടിയു തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കാത്തതാണ് ആക്ഷേപമുയരാൻ കാരണം.
അതേസമയം നോക്കൂകൂലി വിഷയവുമായി ബന്ധപ്പെട്ട് മൂന്നു തൊഴിലാളികൾക്കെതിരെ എഐടിയുസി നടപടിയെടുത്തിട്ടുണ്ട്. കണിയാകുളം സംഭവത്തിൽ യൂണിയൻ തൊഴിലാളികളായ എസ്. സാബുമോൻ, കെ. മണിയൻ എന്നിവർക്കെതിരെയും കലവൂർ സർവോദയപുരത്ത് നോക്കുകൂലി വാങ്ങിയതിന് വിജയപ്പൻ എന്ന തൊഴിലാളിയെയും സസ്പെൻഡ് ചെയ്തതായും അന്പലപ്പുഴ താലൂക്ക് പൊതുമരാമത്ത് ലാന്റിംഗ് ആൻഡ് ലോഡിംഗ് തൊഴിലാളി യൂണിയൻ അറിയിച്ചു.
നോക്കൂകൂലി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാട് ഇരുയൂണിയന്റെയും ജില്ലാ സെക്രട്ടറിമാർ കഴിഞ്ഞദിവസവും ആവർത്തിച്ചിരുന്നു. സംഭവത്തിൽ പോലീസ് നടപടി തുടങ്ങിയതിനാൽ സംഘടനാ നിലപാട് വേണ്ടെന്ന തീരുമാനത്തിലാണ് സിഐടിയു യൂണിയൻ.
അതേസമയം സംഭവം സംബന്ധിച്ച് സൗത്ത് പോലീസ് നടത്തുന്ന അന്വേഷണവും മെല്ലേപ്പോക്കിലാണ്. സംഭവ ദിവസം സംഘർഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം സ്വീകരിച്ച നിലപാട് വിവാദമായിരുന്നു. ഇതേത്തുടർന്ന് മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സ്ഥലം മാറ്റവും പ്രിൻസിപ്പൽ എസ്ഐയ്ക്കെതിരെ വകുപ്പതല അന്വേഷണവും സ്വീകരിച്ചിരുന്നു.