അനിൽ തോമസ്
കൊച്ചി: നോക്കുകൂലി വാങ്ങുന്നവർക്കെതിരേ ശക്തമായ നിയമനടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രിയും തൊഴിൽ മന്ത്രിയും ആവർത്തിക്കുന്നതിനിടെ കൊച്ചി തുറമുഖത്ത് നോക്കുകൂലി ഇനത്തിൽ ചുമട്ടുതൊഴിലാളികൾ പിടിച്ചുവാങ്ങിയതു രണ്ടര ലക്ഷം രൂപ.
ഫെബ്രുവരിയിൽ കൊച്ചിയിൽ ചരക്കുമായി എത്തിയ വിദേശ കപ്പലിൽനിന്നു കണ്ടെയ്നർ ഉൾപ്പെടെയുള്ള ചരക്കുകൾ നീക്കുന്നതിനുള്ള നോക്കുകൂലി ഇനത്തിലാണു കൊച്ചിൻ തുറമുഖ തൊഴിലാളി യൂണിയനിലെ (സിടിടിയു) അഞ്ചു തൊഴിലാളികൾ ഇത്രയും വലിയ തുക നിർബന്ധിച്ച് വാങ്ങിയത്.
അമിത കൂലി വാങ്ങാൻ ചുമട്ട്തൊഴിലാളി യൂണിയൻ ചെയർമാനും ഒത്താശ നിന്നതോടെ അന്യായമായ കൂലി വാങ്ങുന്നതിനെതിരേ കൊച്ചി സ്റ്റീമറേജ് അസോസിയേഷൻ കൊച്ചി പോർട്ട് ട്രസ്റ്റ് ട്രാഫിക് മാനേജർക്ക് പരാതി നൽകി.
കഴിഞ്ഞ മാസം 20നു ബിപിസിഎൽ, യുഎസ് സിഎൽ എന്നിവിടങ്ങളിലേക്കായി 19 ടണ്‍ ചരക്കുകളുമായി എറണാകുളം വാർഫിൽ എത്തിയ ഓഷ്യൻ അക്വാമറൈൻ എന്ന കപ്പലിൽനിന്നു സാധനങ്ങൾ മാറ്റുന്നതിനാണ് കാര്യമായി ഒന്നുംചെയ്യാതെ നോക്കിനിന്ന തൊഴിലാളികൾ ഇത്രയും വലിയ കൂലി ആവശ്യപ്പെട്ടത്.
അഞ്ചു ടണ്‍ ഭാരമുള്ള കണ്ടെയ്നറും ജനറേറ്റർ ഉൾപ്പെടെയുള്ള ഭാരമേറിയ മറ്റു സാധനങ്ങളുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. മാളവിക 28 എന്ന തദ്ദേശീയ കപ്പലിലേക്കാണു ചരക്കുകൾ മാറ്റേണ്ടിയിരുന്നത്. അമിതഭാരമുള്ള സാധനങ്ങൾ മാറ്റാൻ ക്രെയിനുകളാണ് ഉപയോഗിക്കാറ്.
ഇത്തരം ജോലിക്കായി സാങ്കേതിക പരിജ്ഞാനം നേടിയ തൊഴിലാളികളെ ഉൾപ്പെടുത്തി സ്റ്റീവിഡോസ് എന്ന സംഘത്തെ പോർട്ട് ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഇത്തരത്തിൽ ക്രെയിൻ ഉപയോഗിച്ച് മദർഷിപ്പിൽനിന്നു കണ്ടെയ്നർ മാറ്റുന്നതിനിടെ സിടിടിയു തൊഴിലാളികൾ എത്തി ജോലി തടസപ്പെടുത്തി.
ഭാരമുള്ള ചരക്കുകളായതിനാൽ ചുമട്ടുതൊഴിലാളികൾക്ക് ഒന്നും ചെയ്യാനില്ലെന്നു കപ്പൽ കന്പനി അധികൃതർ പറഞ്ഞിട്ടും തൊഴിലാളികൾ മടങ്ങിപ്പോകാൻ കൂട്ടാക്കിയില്ല. ചരക്കുകൾ ക്രെയിനിൽ ഘടിപ്പിക്കുന്ന ജോലി മാത്രം ചെയ്ത ഇനത്തിൽ യൂണിയൻ ആവശ്യപ്പെട്ടതാകട്ടെ 2,53,995.84 രൂപ. ഇറക്കു കൂലിയായി 79,373.70 രൂപയും അടുത്ത ഷിപ്പിലേക്ക് സാധനങ്ങൾ കയറ്റിയതെന്ന പേരിൽ 79,373.70 രൂപയുമാണ് ചാർജ് ചെയ്തത്.
ഈ ഇനത്തിൽ മാത്രം ആകെ 1,58,747.40 രൂപ ഈടാക്കി. പോരാത്തതിന് കൂലി വർധന എന്ന പേരിൽ 39,686.85 രൂപയും കൂട്ടിച്ചേർത്തു. ഇതും കൂടാതെ കേരള ചുമട് തൊഴിലാളി ക്ഷേമബോർഡിലേക്കുള്ള ലെവിയായി 55,561.59 രൂപയും ഉൾപ്പെടുത്തിയാണ് 2,53,995.84 രൂപയുടെ ബിൽ തൊഴിലാളികൾ ഷിപ്പിംഗ് കന്പനിക്ക് നൽകിയത്.
അമിത കൂലി ആവശ്യപ്പെട്ടതിനെതിരേ കപ്പൽ കന്പനി, ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ ചെയർമാനു പരാതി നൽകിയെങ്കിലും അവർ ആവശ്യപ്പെട്ട തുക നൽകാനാണ് ചെയർമാൻ നിർദേശിച്ചത്. ചെയ്യാത്ത ജോലിയുടെ പേരുപറഞ്ഞ് ഇത്തരത്തിൽ അമിത കൂലി ഈടാക്കുന്ന തൊഴിലാളി യൂണിയനുകളുടെ രീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കപ്പൽ കന്പനി ഉടമകളുടെ അസോസിയേഷൻ പോർട്ട് ട്രസ്റ്റിനെ സമീപിച്ചത്.
അതേസമയം കേരള ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർബോർഡ് നിശ്ചയിച്ചിട്ടുള്ള നിരക്ക് പ്രകാരമാണ് കൂലി കണക്കാക്കിയതെന്നും അന്യായമായ കൂലി ഈടാക്കിയതായി ബോധ്യപ്പെട്ടിട്ടില്ലെന്നും തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു.