മണ്‍തവ എന്ന പേരില്‍ വില്‍ക്കുന്നത് ഗ്രാനൈറ്റ് വേസ്റ്റ് കെമിക്കല്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന തവ ! ഇതില്‍ ചപ്പാത്തിയുണ്ടാക്കിയാല്‍ ജീവിതം കട്ടപ്പുക; അസുഖം വിതച്ച് നാടോടികളുടെ ‘തവകള്‍’…

മണ്‍തവ എന്ന പേരില്‍ വഴിയരികില്‍ നാടോടികള്‍ വില്‍ക്കുന്നത് ഗ്രാനൈറ്റ്, മാര്‍ബിള്‍ വേസ്റ്റ് തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിക്കുന്ന തവകളെന്ന് വിവരം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇത്തരം തവകള്‍ ഉണ്ടാക്കുക. ഇവ ഗ്യാസില്‍ വെച്ച് ചപ്പാത്തിയും മറ്റും പാകം ചെയ്തു കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ തന്നെ ഒപ്പം വരും. മാരക വിഷപാത്രമാണ് മണ്‍തവ എന്ന നിലയില്‍ ഇവര്‍ വില്‍പ്പന നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇത്തരം ഫ്രൈ പാനുകള്‍ വാങ്ങിച്ചു വഞ്ചിതരാവരുത് എന്നാണ് ആരോഗ്യവിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഗ്രാനൈറ്റ് വേസ്റ്റ് കെമിക്കല്‍ ചേര്‍ത്ത് റെഡ് ഓക്സൈഡ് കൊണ്ട് മണ്‍തവ എന്ന രീതിയില്‍ പെയിന്റു ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. അടുപ്പില്‍ വെച്ച് മണ്‍തവ ചൂടാക്കുമ്പോള്‍ ഒരു പ്രത്യേക കെമിക്കലിന്റെ മണമാണ് വരുന്നത്. ദേശീയ പാതയോരങ്ങളിലെല്ലാം ഇത്തരം തവകളുടെ വില്‍പ്പന വ്യാപകമാണ്. മണ്‍പാത്രത്തിന്റെ കളര്‍ അടിച്ചാണ് ഇത് വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത് എന്നതിനാല്‍ ആരും തിരിച്ചറിയില്ല. കായംകുളം മുതല്‍ കരുനാഗപ്പള്ളി വരെയും എറണാകുളത്തെ റോഡരികുകളിലും ഇത്തരം പാത്രങ്ങള്‍ ഇവര്‍ വില്‍പ്പനയ്ക്കായി നിരത്തിയിട്ടുണ്ട്.

തുടക്കത്തില്‍ 500 രൂപ വിലപറയുന്ന ഇവര്‍ പേശലിനൊടുവില്‍ 75 രൂപയ്ക്ക് വരെ വില്‍ക്കും. എന്നാല്‍ വിഷതവയുടെ വില്‍പ്പന തകൃതിയായി നടക്കുമ്പോഴും ആരോഗ്യവകുപ്പ് നിസംഗത പാലിക്കുകയാണ്. പോലീസും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല. ഇവിടെ ഗ്രാനൈറ്റ് മാത്രമല്ല പ്രശ്‌നം. മണ്‍തവയാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ അടിക്കുന്ന പെയിന്റും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതാണ്.

ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗമാണ്. കെമിക്കല്‍ പരിശോധനയില്‍ മാത്രമേ എന്ത് രീതിയിലുള്ള ഉത്പ്പന്നങ്ങളാണ് ഈ മണ്‍തവകളില്‍ അടങ്ങിയിരിക്കുന്നത് എന്ന് മനസിലാവുകയുള്ളൂ. ഭക്ഷണത്തിലെ മായം പോലെ തന്നെ ഗുരുതരമാണ് ഭക്ഷണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളിലെ മായവും. പാത്രങ്ങളില്‍ കെമിക്കല്‍ കലരുമ്പോള്‍ വരുന്ന അപകടങ്ങള്‍ തിരിച്ചറിയാത്ത സാധാരണക്കാരാണ് ഇതിന്റെ ഇരകള്‍.

മണ്‍പാത്രം എന്ന ധാരണയില്‍ മീനും മറ്റും ഇതില്‍ വെച്ച് പാകം ചെയ്യുമ്പോള്‍ വിഷം ഭക്ഷണത്തിലും ഉപയോഗിക്കുന്ന ആളുകളുടെ ശരീരത്തിലും കലരും. അതുകൊണ്ട് തന്നെയാണ് പാത്രങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ നടപടികള്‍ വൈകരുത് എന്ന് മുന്നറിയിപ്പുകള്‍ ഉയര്‍ന്നു വരുന്നത്. അലൂമിനിയം പാത്രം പോലും ഉപയോഗിക്കുന്നത് നല്ലതല്ലാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ വിഷപാത്രം ഉപയോഗിക്കുന്നതിനെ ഭരണാധികാരികള്‍ ലാഘവത്തോടെ കാണുന്നത്. ഇതിനെതിരേ ഉടന്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ നിരവധി നിരപരാധികളാവും രോഗികളായി മാറുക.

Related posts