നാടോടി സംഘത്തില്‍ ഗര്‍ഭിണിയായ യുവതിയെ കണ്ടതോടെയാണ് ഇവരെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ഞെട്ടിയത് ഡോക്ടര്‍മാരായിരുന്നു. നാടോടിയായ ലങ്കാഭായി എന്ന 38കാരിയുടെ ഇരുപതാമത്തെ ഗര്‍ഭമാണ് ഇത്. കഴിഞ്ഞ 19 തവണയും പ്രസവത്തിന് ആശുപത്രി കണ്ടിട്ടില്ല. 11 കുട്ടികള്‍ ഇപ്പോള്‍ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നു
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരാണു നാടോടിസംഘത്തിനൊപ്പം ലങ്കാഭായി ഖരാത്തിനെ കണ്ടെത്തിയത്. മജാല്‍ഗാവിലെ കേശാപുരിയാണു സ്വദേശമെങ്കിലും കൂട്ടമായി ഊരുചുറ്റുന്നവരാണിവര്‍. 19 തവണ പ്രസവം കഴിഞ്ഞെന്നും ഇപ്പോള്‍ 11 കുട്ടികള്‍ ഉണ്ടെന്നുമാണു നാടോടിയായ ലങ്കാഭായി പറഞ്ഞത്. പ്രസവ സംബന്ധമായി ആദ്യമായാണ് ആശുപത്രി കാണുന്നതെന്നും നിരക്ഷരയായ അവര്‍ പറഞ്ഞു.
അടിയന്തര പരിശോധനകള്‍ പൂര്‍ത്തിയാക്കി ആവശ്യമായ മരുന്നുകള്‍ ലങ്കാഭായിക്കു നല്‍കിയെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അമ്മയും ഗര്‍ഭസ്ഥശിശുവും ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു. പ്രസവത്തിനായി രണ്ട് മാസത്തിനകം ആശുപത്രിയിലെത്തണമെന്ന് ലങ്കാഭായിയോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ മരുന്നുകളും നല്‍കി ശുചിത്വം, പോഷകാഹാരം തുടങ്ങിയ കാര്യങ്ങളില്‍ ബോധവല്‍ക്കരണവും നല്‍കിയാണ് യുവതിയെ ഡോക്ടര്‍മാര്‍ തിരിച്ചയച്ചത്. എന്തായാലും ലങ്കാഭായ് ഒരു അദ്ഭുതമാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.