വീട്ടില്‍ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ പട്ടാപ്പകല്‍ തട്ടിയെടുക്കാന്‍ നാടോടി സ്ത്രീയുടെ ശ്രമം. ഞായറാഴ്ച രാവിലെ പതിനൊന്നോടെ കടുത്തുരുത്തിക്ക് സമീപം അലരിയില്‍ കുന്നശ്ശേരില്‍ കുഞ്ഞുമോന്റെ വീട്ടിലാണ് സംഭവം. ശബ്ദം കേട്ട് അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന കുഞ്ഞിന്റെ അമ്മ ഓടിയെത്തിയപ്പോഴാണ് തൊട്ടിലില്‍ നിന്ന് സ്ത്രീ കുഞ്ഞിനെ എടുക്കാന്‍ ശ്രമിക്കുന്നതു കണ്ടത്. പരിഭ്രാന്തയായ യുവതി നിലവിളിച്ചതോടെ നാടോടി സ്ത്രീ വീട്ടില്‍ നിന്നും ഇറങ്ങിയോടി.
ഇവര്‍ക്കൊപ്പം മറ്റൊരു സ്ത്രീയും ഉള്ളതായി യുവതി അറിയിച്ചു. കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ ഇതുവരെയും കണ്ടെത്തിയില്ല. സംഭവസമയത്ത് കുഞ്ഞും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മറ്റുള്ളവര്‍ സമീപത്തെ പള്ളിയിലായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാര്‍ മണിക്കൂറുകളോളം നാടാകെ തിരഞ്ഞെങ്കിലും നാടോടി സ്ത്രീകളെ കണ്ടെത്താനായില്ല. മുഷിഞ്ഞ സാരിയുടുത്ത, 40 വയസ്സിനുമേല്‍ പ്രായം തോന്നിക്കുന്ന നാടോടി സ്ത്രീയാണ് വീട്ടില്‍ കയറിയതെന്ന് കുഞ്ഞിന്റെ അമ്മ പോലീസിനോട് പറഞ്ഞു.