കൊച്ചി: പ്രളയ ദുരിതബാധിതർക്കു സാന്ത്വനമായി ഒരു പറ്റം കലാകാരന്മാർ പുറത്തിറക്കിയ നൊന്പരമെഴുതിയ മഴയേ എന്ന ഗാനം ഹിറ്റാകുന്നു. കെ.എസ്. ചിത്രയും എ. ഹരിഹരനും ചേർന്നു പാടിയിരിക്കുന്ന ഗാനം കേരള ആർട്ട് ലൗവേഴ്സ് അസോസിയേഷൻ ട്രസ്റ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.
ലാലു ജോസഫ് നിർമാണം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ എഴുതിയത് ജോയ് തമ്മനമാണ്. സുഭാഷ് അഞ്ചൽ സംവിധാനം ഒരുക്കിയ ഗാനത്തിന് റോണി റാഫേൽ സംഗീതം നൽകിയിരിക്കുന്നു. ദുരിത ബാധിതർക്കു പ്രചോദനം ആകുകയെന്ന ഉദ്ദേശമാണു പാട്ടിന്റെ നിർമാണത്തിനു പിന്നിലെന്നു ഗാനത്തിന്റെ നിർമാതാവ് ലാലു ജോസഫ് പറയുന്നു.
നമ്മളെല്ലാരും ഇറങ്ങുകയല്ലേ എന്നുള്ള ചോദ്യം മുഖ്യമന്ത്രിയിൽനിന്നും ഉണ്ടായപ്പോൾ കലാകാരന്മാരെന്ന നിലയ്ക്കു തങ്ങളെക്കൊണ്ട് എന്തുചെയ്യാൻ കഴിയുമെന്നാണ് ആദ്യം ആലോചിച്ചത്. ഇതേത്തുടർന്ന് ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാന്പകളിൽ ഓഗസ്റ്റ് 21 മുതൽ ജോസി ആലപ്പുഴയുടെ നേതൃത്ത്വത്തിൽ സാന്ത്വന സംഗീത പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി.
തുടർന്ന് കെ.എസ്. ചിത്ര അടക്കമുള്ള നിരവധി ഗായകരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്.തിരുവനന്തപുരത്തും ആലപ്പുഴയിലുമായി നിരവധി ക്യാന്പുകളിലെത്തി ദുരിത ബാധിതരെ കാണാനും അവർക്കുവേണ്ടി പാടാനും കഴിഞ്ഞു.
ദുരിത ബാധിതർക്ക് സാന്ത്വനവും പ്രചോദനവുമാകുന്ന ഒരു പാട്ട് ഉണ്ടാക്കിയാൽ എന്താണെന്ന് കെ.എസ്.ചിത്രയാണ് ചോദിച്ചത്. അങ്ങനെയാണ് ഈ പാട്ട് ഉണ്ടായതെന്നും ഇവർ പറയുന്നു. എന്തായാലും യൂ ട്യൂബിൽ ഇതിനോടകം നിരവധിപേരാണ് ഈ ഗാനം കണ്ടിട്ടുള്ളത്.