മാന്നാർ: ഗോപാലകൃഷ്ണൻ നായർ ഇരമത്തൂർ ജുമാ മസ്ജിദിൽ നടത്തിയ ഇഫ്താർ വിരുന്നിന് സാഹോദര്യത്തിന്റെയും മതസൗഹാർദത്തിന്റെയും ഇരട്ടിമധുരം. പതിവ് തെറ്റിക്കാതെ നോമ്പുതുറ വിഭവങ്ങളുമായി ഇത്തവണയും ഗോപാലകൃഷ്ൻ നായർ എത്തി.
നൂറ്റാണ്ടുകൾ പഴക്കമുള്ള മാന്നാർ ഇരമത്തൂർ ജുമാ മസ്ജിദിൽ 27ാം വർഷത്തിലാണ് കുരട്ടിക്കാട് തിരുവഞ്ചേരിൽ പുണർതത്തിൽ ടി.എസ് ഗോപാലകൃഷ്ണൻ നായർ ഇഫ്താർ വിരുന്ന് ഒരുക്കുന്നത്. സുഹൃത്തുക്കളും സഹപാഠികളുമായ മുസ്ലിം സഹോദരങ്ങളുടെ വ്രതത്തിന്റെ മാഹാത്മ്യമാണ് ഗോപാലകൃഷ്ണൻ നായരുടെ ഇഫ്താർ വിരുന്നിന് പ്രചോദനമായത്.
ആദ്യ കാലത്ത് കപ്പ വേവിച്ചതും മീൻകറിയും ആയിരുന്നെങ്കിൽ ഇക്കുറി പഴവർഗങ്ങളും ശീതള പാനീയങ്ങളും ബിരിയാണിയുമാണ് ഇഫ്താർ വിരുന്നിനായി ഒരുക്കിയത്. എല്ലാ വർഷവും റമദാനിലെ അവസാന പത്തിലെ ഒരു ദിവസമാണ് ഗോപാലകൃഷ്ണൻ ഇതിനായി തെരഞ്ഞെടുക്കുന്നത്.
മാന്നാറിന്റെ മത സാഹോദര്യവും പരസ്പര സ്നേഹവും എന്നെന്നും നിലനിൽക്കാൻ ഇത്തരം പ്രവർത്തനങ്ങൾ പ്രചോദനമാകുമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. എൽഐസി ഏജന്റും മാന്നാർ സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ബോർഡംഗവുമായ ഗോപാലകൃഷ്ണൻ നായർ ജില്ലാ സഹകരണ ബാങ്ക് മാന്നാർ ശാഖയിൽ 43 വർഷം ഡെയിലി കളക്ഷൻ ഏജന്റ് ആയിരുന്നു.
രണ്ട് വർഷം മുമ്പ് ജില്ലാ സഹകരണ ബാങ്കിൽ നിന്നു വിരമിച്ച ഇദ്ദേഹം സാമൂഹിക സാമുദായിക പ്രവർത്തനങ്ങളിൽ സജീവമാണ്.
ഡൊമിനിക് ജോസഫ്