തിരുവനന്തപുരം: രണ്ടാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ ഇന്നുമുതൽ സ്വീകരിച്ചു തുടങ്ങി. വിവിധ പാർലമെന്റ് മണ്ഡലങ്ങളിലെ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർ മുൻപാകെ സ്ഥാനാർഥികൾക്കു പത്രികകൾ സമർപ്പിക്കാം. ഏപ്രിൽ നാലിനാണ് പത്രിക സ്വീകരിക്കുന്ന അവസാന ദിവസം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയങ്ങളിലാണ് പത്രികകൾ റിട്ടേണിംഗ് ഓഫീസർമാർ സ്വീകരിക്കുന്നത്.
മാർച്ച് 29, 31, ഏപ്രിൽ ഒന്ന് പത്രികകൾ സ്വീകരിക്കില്ല. ഏപ്രിൽ അഞ്ചിനാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. എട്ടാം തീയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രണ്ടാം തീയതിയും യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ ശശിതരൂർ മൂന്നാം തീയതിയും ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നാലാം തീയതിയും പത്രിക സമർപ്പിക്കും.
ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വി. മുരളീധരൻ 30നും എൽഡിഎഫ് സ്ഥാനാർഥി വി. ജോയി ഏപ്രിൽ മൂന്നിനും യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ അടൂർ പ്രകാശ് നാലിനും നാമനിർദേശ പത്രിക സമർപ്പിക്കും.
കേരളത്തിലെ 20 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഏപ്രിൽ 26 നാണ് നടക്കുന്നത്. രണ്ട് കേന്ദ്രമന്ത്രിമാരും രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നു ജനവിധി തേടുന്നതിനാൽ ദേശീയ ശ്രദ്ധ ഏറെ ആകർഷിക്കുന്നതാണ് തെരഞ്ഞെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ.