കുട്ടികളിലും കൗമാരക്കാരിലും ഉള്ള അമിതമായ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ പദ്ധതിയിട്ട് ചൈന. രാജ്യത്തെ മുന്‍നിര ഇന്റർനെറ്റ് റെഗുലേറ്ററായ ചൈനയിലെ സൈബന്സ്പേസ് അഡ്മിനിസ്ട്രേഷന് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം പുറപ്പെടുവിച്ചു.
എല്ലാ മൊബൈല്‍ ഉപകരണങ്ങളിലും ആപ്പുകളിലും മൈനര്‍ മോഡ് നടപ്പിക്കിലാക്കാനാണ് നിര്‍ദേശം. ഈ മോഡ് പ്രായപരിധി അനുസരിച്ച് ദിവസേനയുള്ള സ്ക്രീന്‍ സമയം പരമാവധി രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തും.
മൈനര്‍ മോഡ് ഉപയോഗിക്കുമ്പോള്‍ 18 വയസിന് താഴെയുള്ള കുട്ടികള്‍ രാത്രി പത്ത് മണിക്കും രാവിലെ ആറ് മണിക്കും ഇടയില്‍ സ്ക്രീന്‍ ആക്സസ് ചെയ്യുന്നതും നിരോധിക്കുമെന്നാണ് ഈ നിര്‍ദേശത്തിന്റെ നിര്‍ണായകമായ മറ്റൊരു വശം.
കൂടാതെ കുട്ടികള്‍ക്ക് നിര്‍ദേശിച്ചിട്ടുള്ള പ്രതിദിന സ്ക്രീന്‍ സമയപരിധികള്‍, എട്ട് വയസിന് താഴെയുള്ളവര്‍ക്ക് 40മിനിറ്റും, 16 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഒരു മണിക്കൂറും, 16നും 18നും ഇടയില്‍ ഉള്ളവര്‍ക്ക് രണ്ട് മണിക്കൂറുമാണ്. 30 മിനിറ്റിലധികം ഉപയോഗിച്ചതിന് ശേഷം സമയം ഓര്‍മപ്പെടുത്താനുള്ള സംവിധാനവുമുണ്ട്.
ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും യുവജനങ്ങളുടെ ക്ഷേമവും തമ്മിലുള്ള സന്തുലിതാവസ്ഥ കൈവരിക്കാനുള്ള ചൈനീസ് സര്‍ക്കാരിന്റെ ശ്രമങ്ങളെ ഈ നടപടികളിൽ നിന്ന് വ്യക്തമാക്കുന്നത്. അതേസമയം ഈ നീക്കത്തെ പിന്തുണച്ചുകൊണ്ട് രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു.