സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയുയര്‍ത്തി വീണ്ടും മറുനാടന്‍ മീന്‍ വിപണിയില്‍ സജീവമാകുന്നു.നീണ്ടകര, മുനമ്പം, ചെറായി എന്നിവിടങ്ങളില്‍നിന്നുള്ള പിടയ്ക്കുന്ന മീന്‍ എന്നു പറഞ്ഞാണ് വില്‍പ്പന.
എന്നാല്‍ എത്തുന്നതാവട്ടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഭൂരിഭാഗം മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലും മീന്‍ തട്ടുകളിലും എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനാണെന്നാണ് വിവരം.
വ്യാപാരികളോ ഏജന്റുമാരോ പോലും ഇതറിയുന്നില്ലെന്നതാണു വസ്തുത. സ്ഥിരമായി നീണ്ടകരയിലും മുനമ്പത്തും ചേറായിലുമൊക്കെ പോയി മീന്‍ വാങ്ങികൊണ്ടു വന്നു വില്‍പ്പന നടത്തുന്നവര്‍ക്ക് ഇത്തരം അന്യസംസ്ഥാന കച്ചവടം ഭീഷണിയായിരിക്കുകയാണ്.
നീണ്ടകര, മുനമ്പം, ചേറായി, അര്‍ത്തുങ്കല്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നല്ലയിനം മീന്‍ ലഭിക്കുമെന്നതിനാലാണ് കച്ചവടക്കാര്‍ ഈ സ്ഥലങ്ങളില്‍ നിന്നുള്ള പച്ചമീന്‍ എന്ന് പ്രചരിപ്പിച്ചു വില്പന നടത്തുന്നത്.
കോവിഡിന്റെ തുടക്കത്തില്‍ ഈ തുറമുഖങ്ങള്‍ അടഞ്ഞു കിടന്നപ്പോഴും ഇവിടെ നിന്നെന്നുള്ള പേരില്‍ മീന്‍ വില്‍പ്പന തകൃതിയായി നടന്നിരുന്നു.കര്‍ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണു കൂടുതലായും പച്ചമീന്‍ എത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഹാര്‍ബറുകളില്‍ നിന്നുമെത്തുന്നുണ്ടെങ്കിലും അവ ചെറിയ മത്സ്യങ്ങളും അളവില്‍ കുറവുമായിരിക്കും.
ചില സീസണില്‍ കിളി, ഒഴുവല്‍, മത്തി, അയല പോലുള്ള മത്സ്യങ്ങള്‍ ഇത്തരത്തില്‍ ധാരാളമായി വരാറുണ്ട്. എന്നാല്‍, വലിയ മത്സ്യങ്ങള്‍ ഏറെയും അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്നവയാണെന്നു ചില വ്യാപാരികള്‍ രഹസ്യമായി സമ്മതിക്കുന്നു.
നാടന്‍ എന്ന പേരില്‍ വിറ്റഴിക്കുന്ന തിലോപ്പിയ, കരിമീന്‍ എന്നിവ പോലും ആന്ധ്രയില്‍ നിന്നു വ്യാപകമായി എത്തുന്നുണ്ട്. വലിയ മീനുകളായ കേര, ചൂര, തള, വറ്റ എന്നിവ കൂടുതലും നീണ്ടകരയുടെയും ചേറായിയുടെയും മറ്റും ലേബലില്‍ എത്തുന്നത് അയല്‍സംസ്ഥാനത്തു നിന്നുമാണ്.
കോവിഡ് സാഹചര്യത്തില്‍ പരിശോധനകള്‍ കുറഞ്ഞതും കൂണുകള്‍ പോലെ മീന്‍ വില്‍പ്പന കേന്ദ്രങ്ങള്‍ വളരാനും പഴകിയ മത്സ്യങ്ങള്‍ വിറ്റഴിക്കാനും കാരണമായിട്ടുണ്ട്.
കൃത്യമായ പരിശോധന നടത്തി ഇത്തരക്കാരെ പിടികൂടിയില്ലെങ്കില്‍ മാന്യമായി മീന്‍ വില്‍ക്കുന്നവര്‍ക്കു കൂടി അത് ബാധ്യതയായി മാറുന്ന സാഹചര്യമാണുള്ളത്.