രാജ്യത്തു ജാതി, മത വ്യത്യാസമില്ലാതെ സസ്യഭുക്കുകൾ 20 ശതമാനത്തോളം മാത്രമെന്നു കേന്ദ്രസർക്കാർ സർവേ. മത്സ്യ, മാംസാംദികൾ കഴിക്കുന്നവരുടെ എണ്ണം ഓരോ വർഷം കഴിയുന്തോറും കൂടിവരികയാണെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു.
15നും 49നും മധ്യേ പ്രായത്തിലുള്ള പുരുഷന്മാരിൽ 87 ശതമാനവും സ്ത്രീകളിൽ 75 ശതമാനവും നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്ന് 2019-21 വർഷത്തെ ദേശീയ കുടുംബാരോഗ്യ സർവേ വ്യക്തമാക്കി. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിക്ക് വിഭാഗങ്ങളിൽ 2015-16 വർഷത്തെ സർവേയേക്കാൾ മാംസവും മൽസ്യവും മുട്ടയും കഴിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ട്.
ഇതിൽ 99 ശതമാനവും മാംസഭുക്കുകളായ ക്രൈസ്തവരിൽ മാത്രമാണു നേരിയ കുറവ്. പൊതുവെ സസ്യഭുക്കുകളായ ജെയ്നന്മാരിലും ഒരുവിഭാഗം മാംസഭുക്കുകളാണ്. മുസ്ലിംകളിൽ നൂറു ശതമാനവും മാംസഭുക്കുകളാണ്. ഹിന്ദുക്കളിൽ യുവാക്കളായ 65 ശതമാനം പേരും നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരാണെന്ന് സർവേ റിപ്പോർട്ട് വ്യക്തമാക്കി.
രാജ്യത്തു മാംസം, മൽസ്യം, മുട്ട എന്നിവയുടെ ഉപഭോഗത്തിൽ കാര്യമായ വർധനവുണ്ടായതായി 2022-23 വർഷത്തെ ഉപഭോഗ ചെലവുകളുടെ സർവേ (കണ്‍സംപ്ഷൻ എക്സ്പെൻഡിച്ചർ സർവേ-സിഇഎസ്) കണക്കുകൾ പറയുന്നു. 2009-10നെ അപേക്ഷിച്ച് 2022-23ൽ നഗരങ്ങളിൽ നാലു ശതമാനവും ഗ്രാമപ്രദേശങ്ങളിൽ മൂന്നു ശതമാനവും വർധന ഉണ്ടായിട്ടുണ്ട്. പ്രായമായവരിൽ പക്ഷേ സസ്യഭക്ഷണത്തോടാണ് കൂടുതൽ താത്പര്യം.
രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 40 ശതമാനത്തോളം പേർ സസ്യഭുക്കുകളാണെന്ന് അമേരിക്ക ആസ്ഥാനമായുള്ള പ്യൂ സർവേ പറയുന്നു. എന്നാൽ ഇവരിൽ ഒരുവിഭാഗം മാത്രമാണു സന്പൂർണ സസ്യഭുക്കുകൾ (പ്യുർ വെജിറ്റേറിയൻ). പൊതുവെ സസ്യഭുക്കുകളായരിൽ ഒരുവിഭാഗം പേർ വല്ലപ്പോഴും മുട്ട, മത്സ്യം, മാംസം തുടങ്ങിയ കഴിക്കുന്നവരാണ്. സമ്പൂ ർണ സസ്യഭുക്കുകളായവർ മാംസഭുക്കുകളുടെ വീടുകളിലും ഹോട്ടലുകളിലുംനിന്നു ഭക്ഷണം കഴിക്കാൻ താത്പര്യമില്ലാത്തവരാണ്.
പ്രത്യേക ലേഖകൻ