സ്വന്തം ലേഖകൻ
അയ്യന്തോൾ: ചുട്ടുപൊള്ളുന്ന വേനലിൽ തണുപ്പു തേടുന്നവർക്കു ചങ്കാണ് ഈ നൊങ്ക്്. ജില്ലയിലെന്പാടും പനനൊങ്കിന് ആവശ്യക്കാർ കൂടിയതോടെ നൊങ്കുവിൽപനക്കാരും കൂടി.
കളക്ടറേറ്റും കോടതികളും ജില്ലാ പഞ്ചായത്ത് ഓഫീസുമെല്ലാം ഉൾപ്പടെ ജില്ലയുടെ ഭരണസിരാകേന്ദ്രമായ അയ്യന്തോൾ മേഖലയിൽ നൊങ്കു കച്ചവടം തകൃതിയാണ്.
കരിക്കുപോലെതന്നെ നൊങ്കിനും ആവശ്യക്കാരേറെയാണ്. ഒരു നൊങ്കിനു പത്തുരൂപയാണ് ഈടാക്കുന്നത്. ഒരു ഡസൻ എടുക്കുകയാണെങ്കിൽ നൂറു രൂപ. ഫ്രഷ് നൊങ്ക് ജ്യൂസും വിൽപനക്കുണ്ട്.
മൂപ്പു കുറഞ്ഞ നൊങ്കും നൊങ്കിൽനിന്നും ശേഖരിച്ച നീരും വെള്ളത്തിൽ ചേർത്തടിച്ചാണ് ഫ്രഷ് നൊങ്ക് ജ്യൂസ് തയാറാക്കുന്നത്. വെയിൽ മൂക്കും മുന്പ് നൊങ്കിന്റെ നീര് ഉപയോഗിക്കണമെന്നാണ് പറയുക. അല്ലെങ്കിൽ ഇതു പനങ്കള്ളായി രൂപാന്തരപ്പെടും.
അതിനാൽ ചൂടുമൂക്കും മുൻപേ നീരു വിറ്റുതീർക്കും. പനയോലകൊണ്ട് കുന്പിൾ കുത്തി അതിലാണ് നീരുനൽകുക. പാലക്കാട് ജില്ലയിൽനിന്നാണ് നൊങ്ക് തൃശൂരിലെത്തുന്നത്.
വണ്ടിത്താവളം, വേലന്താവളം, ചിറ്റൂർ എന്നിവിടങ്ങളിൽനിന്നും കോയന്പത്തൂരിൽനിന്നും നൊങ്ക് വരുന്നുണ്ട്. ചൂടുകാലത്തു നൊങ്ക് ഉള്ളുതണുപ്പിക്കുമെന്നതിനപ്പുറം നല്ലൊരു ഒൗഷധം കൂടിയാണ്. ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി നൊങ്കിനുണ്ട്. വിറ്റാമിനുകളുടെ കലവറയാണ് നൊങ്ക്.
ചൂടുകാലത്ത് ചിക്കൻപോക്സ് ബാധിച്ചവർക്കു നൊങ്ക് നൽകാറുണ്ട്. ഗർഭിണികൾക്കുണ്ടാകുന്ന അസിഡിറ്റി കുറയുന്നതിനു നൊങ്ക് നല്ലതാണത്രെ.
കൃത്രിമ ശീതളപാനീയങ്ങൾ ചൂടുകാലത്തു വാങ്ങിക്കുടിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് നൊങ്ക് കഴിക്കുന്നതെന്നു കുറ്റൂർ – പൂങ്കുന്നം എംഎൽഎ റോഡിൽ നൊങ്ക് വിൽപന നടത്തുന്ന കൊഴിഞ്ഞാന്പാറ സ്വദേശി ശ്രീറാം പറഞ്ഞു. നല്ല കച്ചവടമാണു കിട്ടുന്നതെന്നും ശ്രീറാം പറഞ്ഞു.
നൊങ്ക് വെട്ടിയെടുക്കാൻ പ്രത്യേക വൈദഗ്ധ്യംതന്നെ വേണം. നല്ല മൂർച്ചയുള്ള കത്തികൊണ്ടാണ് നൊങ്ക് പൊളിക്കുന്നത്. ശ്രദ്ധയൊന്നു പാളിയാൽ പണികിട്ടുന്ന കട്ടിംഗാണ് ഇതെന്നു ശ്രീറാം ഓർമിപ്പിച്ചു.
തമിഴ്നാട്ടിൽ പനകൾ വെട്ടിനിരത്തിയതോടെ നൊങ്ക് കിട്ടാൻ ക്ഷാമമാണ്. ഏക്കറുകണക്കിനു പനകളാണ് വെട്ടിമാറ്റി മറ്റു കൃഷികളിലേക്കു കർഷകർ തിരിഞ്ഞതെന്നു പറയുന്നു.
പന കയറാൻ പുതിയ തലമുറയിൽപെട്ടവർക്കു താത്പര്യമില്ല. കൂലിവർധനവും കൂടുതലാണ്. ഇടനിലക്കാരാണ് ലോറിയിൽ നൊങ്ക് തൃശൂരിൽ എത്തിക്കുന്നത്.