ദോഹ: ഖത്തറില്‍നിന്നു തിരുവനന്തപുരത്തേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബര്‍ 29നാണ് സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചു.
ആഴ്ചയില്‍ നാല് ദിവസമാണ് ദോഹ-തിരുവനന്തപുരം, തിരുവനന്തപുരം-ദോഹ സെക്ടറിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുള്ളത്. ദോഹയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരത്തുനിന്ന് ദോഹയിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലുമാണ് സര്‍വീസ്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് ദോഹയില്‍നിന്ന് നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചത്. നിലവില്‍ ഖത്തര്‍ എയര്‍വേയ്സ് മാത്രമാണ് ദോഹ-തിരുവനന്തപുരം നേരിട്ടുള്ള സര്‍വീസുകള്‍ നടത്തുന്നത്.
അതേസമയം, സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു. എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് നല്‍കുന്നതാണ് പുതിയ ഓഫര്‍.
സൗദി അറേബ്യയില്‍നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും നിരക്കില്‍ ഇളവ് ലഭിക്കും. ഓഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 30 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക.
2023 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. ബിസിനസ് ക്ലാസിനും എക്കണോമി ക്ലാസിനും 50 ശതമാനം ഡിസ്കൗണ്ട ഓഫര്‍ ബാധകമാണ്.
സെപ്റ്റംബര്‍ 20-24, നവംബര്‍ 15-23 (സൗദിയില്‍നിന്നുമുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍) സെപ്റ്റംബര്‍ 24-27, നവംബര്‍ 24-30 (അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളില്നിന്ന് സൗദിയിലേക്കുള്ള സര്‍വീസുകള്‍) എന്നീ തീയതികളില്‍ ഈ ഓഫര്‍ ബാധകമല്ല.
സൗദിയയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.