ലോകത്ത് മാംസ ഉപഭോഗം ഏറ്റവും കുറവ് ഇന്ത്യയിലെന്നു പഠനറിപ്പോർട്ട്. സാംസ്കാരികവും മതപരവുമായ കാരണങ്ങളാണ് ഇന്ത്യയിൽ മാംസം കഴിക്കുന്നവർ കുറയാൻ കാരണമെന്നും സ്റ്റാറ്റിസ്റ്റ റിസർച്ച് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
ലിത്വാനിയ ആണു പ്രതിശീർഷ മാംസ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത്. ഈ രാജ്യത്തെ ജനസംഖ്യയുടെ 96 ശതമാനം പേരും പതിവായി മാംസം കഴിക്കുന്നു. രാജ്യത്തെ ഭക്ഷണത്തിൽ പ്രധാനമായും പന്നിയിറച്ചി, ബീഫ്, ചിക്കൻ എന്നിവ ഉൾപ്പെടുന്നു.
തൊട്ടുപിന്നിൽ ജപ്പാനാണ്. ഇവിടത്തെ 95 ശതമാനം പേരും മാംസഭുക്കുകളാണ്. പരമ്പരാഗതമായി മത്സ്യവും കടൽ വിഭവങ്ങളും ജാപ്പനീസ് ഭക്ഷണത്തിലെ പ്രധാന ഇനങ്ങളെങ്കിലും സമീപവർഷങ്ങളിൽ ബീഫും പന്നിയിറച്ചിയും കൂടുതൽ പ്രചാരത്തിലായിട്ടുണ്ട്. അർജന്റീന, ഗ്രീസ്, ഹംഗറി, നോർവേ, റൊമാനിയ എന്നിവയാണു തൊട്ടുപിന്നിൽ. കൊളംബിയയും പോർച്ചുഗലും ചെക്ക് റിപ്പബ്ലിക്കും ആദ്യ പത്തിൽ ഇടം നേടി.