മുംബൈ: ക്ഷേത്രത്തിന്റെ പരിസരത്ത് തെരുവു നായ്ക്കള്‍ക്ക് മാംസ ഭക്ഷണം നല്‍കിയെന്നാരോപിച്ച് യുവതികൾക്കെതിരേ കേസ്. മഹാലക്ഷ്മി ക്ഷേത്രപരിസരത്തെ നായ്ക്കൾക്ക് ഇറച്ചിയും മീനും അടങ്ങിയ ഭക്ഷണം നല്‍കിയെന്നാരോപിച്ചാണ് രണ്ട് യുവതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
സാമൂഹിക പ്രവര്‍ത്തകയായ ഷീലാ ഷായുടെ പരാതിയില്‍ നന്ദി ബലേക്കര്‍, പല്ലവി പട്ടീല്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഇറച്ചിയും മീനും തെരുവുപട്ടികള്‍ക്കും പൂച്ചകള്‍ക്കും നല്‍കിയെന്നാണ് നന്ദിനി ബലേക്കറിനെതിരായ പരാതി. എന്നാൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് പല്ലവി പട്ടീലിനെതിരായുള്ള പരാതി.
വിശ്വാസികള്‍ ക്ഷേത്ര ദര്‍ശനത്തിനായി ക്യൂ നില്ക്കുന്ന സ്ഥലത്ത് നന്ദിനി സ്ഥിരമായി നായ്ക്കള്‍ക്ക് മാംസം നല്കുന്നു എന്ന് പരാതിയില്‍ പറയുന്നു. ക്ഷേത്ര ദർശനം നടത്താൻ വരുന്നവർ ഇതിനെ കുറിച്ച് ക്ഷേത്ര കമ്മറ്റിക്കാരോട് പരാതിപ്പെട്ടു. അതിനുശേഷം ഇവരോട് ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ച് നായകൾക്ക് ഭക്ഷണം നല്കാന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ അത് ഗൗനിക്കാതെ മാംസം പലയിടങ്ങളിലായി എറിഞ്ഞുകൊടുക്കുകയായിരുന്നു ഇവർ.
തുടര്‍ന്ന് രണ്ട് പോലീസുകാരേയും ഒരു വെറ്ററിനറി ഓഫീസറേയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും നായ്ക്കള്‍ക്ക് ഇറച്ചി കൊടുക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മിറ്റിയുടെ നിര്‍ദേശം പാലിക്കാതെ വീണ്ടും ഇവർ തെരുവു നായകൾക്കും, പൂച്ചകൾക്കും ക്ഷേത്ര പരിസരത്ത് വച്ച് മാംസ ഭക്ഷണം നൽകി. ഇതോടെയാണ് ഗംവേദി പോലീസ് യുവതികൾക്കെതിരേ കേസെടുത്തത്.