പണം ലാഭിക്കുവാനായി മൂന്ന് ആഴ്ചയിലധികമായി ഇൻസ്റ്റന്‍റ് നൂഡിൽസ് മാത്രം കഴിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിലാണ് സംഭവം. ജിയാംഗ്ഷു നഗരത്തിലെ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിയായ ഹോംഗ് ജിയാ ആണ് ചെലവു ചുരുക്കലിന്‍റെ ഭാഗമായി ഭക്ഷണം നൂഡിൽസിൽ ഒതുക്കിയത്. ഒടുവിൽ കടുത്ത പനിയെ തുടർന്ന് ഹോംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനിയുടെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും നൂഡിൽസ് തീറ്റ ഇതിലൊരു പ്രധാന ഘടകമാണെന്നാണ് വിലയിരുത്തൽ.
ഒക്ടോബർ 15 മുതലാണ് ഇവർ നൂഡിൽസ് കഴിക്കുവാൻ ആരംഭിച്ചത്. ഇത് മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു. ഇങ്ങനെ ലാഭിക്കുന്ന പണം കൂട്ടിവച്ച് ഓൺലൈൻ ഷോപ്പിംഗ് ദിനമായ സിംഗിൾസ് ഡേ അടിച്ചുപൊളിക്കാനാണ് ഹോംഗ് പദ്ധതിയിട്ടത്. ചെലവ് ചുരുക്ക് ആരംഭിച്ചതു മുതൽ 108 ഡോളർ താൻ സമ്പാദിച്ചിരുന്നുവെന്ന് ഇവർ പറയുന്നു.
എന്നാൽ, ഇങ്ങനെ നൂഡിൽസ് കഴിക്കുന്നത് അസുഖം വിളിച്ചുവരുത്തുമെന്ന അമ്മയുടെ മുന്നറിയിപ്പ് മറികടന്ന് ചിലവുചുരുക്കൽ തുടർന്ന ഹോംഗ് ഒടുവിൽ ആശുപത്രിയിലാകുകയായിരുന്നു. സിംഗിൾസ് ഡേ ആശുപത്രിയിൽ ചെലവഴിച്ച ഇവർ സമ്പാദിച്ചതിന്റെ ഇരട്ടി തുകയാണ് ചികിത്സയ്ക്കായി നല്കേണ്ടിവന്നത്.