നാദാപുരം: സംസ്ഥാനത്തെ വിവിധ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് വിവിധ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താനായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടും പിടികൂടാന്‍ കഴിയാത്തത് ആഭ്യന്തര വകുപ്പിന് തലവേദനയാകുന്നു. പോലീസ് ലുക്കൗട്ട് നോട്ടീസിറക്കിയ പ്രതികള്‍ വിദേശത്തേക്കും തിരിച്ച് നാട്ടിലേക്കും യാതൊരു തടസങ്ങളുമില്ലാതെ യാത്ര ചെയ്യുന്നുമുണ്ട്.
ക്രിമിനല്‍ കേസുകളിലും മറ്റും ഉള്‍പ്പെട്ട പ്രതികള്‍ പോലീസിന് പിടികൊടുക്കാതെ കുറച്ചു കാലം നാട്ടില്‍ ഒളിച്ചു കഴിഞ്ഞ ശേഷം ഗള്‍ഫ് നാടുകളിലേക്ക് കടക്കുകയായിരുന്നു മുന്‍ കാലങ്ങളിലെ പതിവ്. പലപ്പോഴും ഇവര്‍ പോലീസ് അറിയാതെ നാട്ടിലേക്ക് വന്നും പോയുമിരുന്നു.
പ്രതികളെ പിടികൂടാന്‍ വൈകുന്നതോടെ തെളിവുകള്‍ നശിച്ചു കേസ് എങ്ങുമെത്താതെയാവുകയും ചെയ്തിരുന്നു. ഇതിനൊരു പരിഹാരം എന്ന നിലയ്ക്ക് പ്രതികളെ എത്രയും വേഗം നിയമത്തിന് മുമ്പില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലുക്ക് ഔട്ട് നോട്ടീസ് സംവിധാനം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്.
ലൂക്ക് ഔട്ട് നോട്ടീസില്‍ പറഞ്ഞ പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നല്‍കാറുണ്ട്. വിദേശങ്ങളില്‍നിന്നും വരുന്ന പ്രതികളെ വിമാനത്താവളങ്ങളില്‍ അധികൃതര്‍ തടഞ്ഞുവച്ച് അതാത് പോലീസിന് കൈമാറുകയാണ് പതിവ്. ഇത്തരത്തില്‍ സംസ്ഥാനത്ത് നിരവധി പേരാണ് വിദേശത്തേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും പിടിയിലായി അകത്തായത്.
എന്നാല്‍ അടുത്തിടെയായി വിദേശങ്ങളില്‍ കഴിയുന്ന ലുക്ക് ഔട്ട് നോട്ടീസിലെ പ്രതികള്‍ നാട്ടിലേക്ക് വരാന്‍ നേപ്പാള്‍ വഴിയാണ് തെരഞ്ഞെടുക്കുന്നത്. വിമാനത്താവളങ്ങളില്വച്ച് പിടിക്കപ്പെടുന്നില്ല എന്നതാണ് ഈ വഴി തെരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. നേപ്പാളിലെ വിമാനത്താവളങ്ങളില്‍ എത്തിയ ശേഷം അവിടെ നിന്നും ബസ് മാര്‍ഗം ഡല്‍ഹിയിലും പിന്നീട് തീവണ്ടി മാര്‍ഗം നാട്ടിലേക്ക് എത്തുകയുമാണ് ചെയ്യുന്നത്.
ഇത്തരത്തിലുള്ള വരവ് പോലീസിനോ നാട്ടുകാര്‍ക്കോ അറിയാന്‍ കഴിയാറില്ല. അഥവാ പോലീസിന് മനസ്സിലായാല്‍ തന്നെ പിടികൂടാന്‍ കഴിയാറുമില്ല. പോലീസിന് പിടികൊടുക്കാതെ ഒളിച്ചു കഴിയാവുന്ന നിരവധി കേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ട്. ചിലര്‍ മാത്രമാണ് പോലീസിന്റെപിടിയില്‍ ആകാറുണ്ട്. മറ്റു ചിലര്‍ കോടതിയില്‍ കിഴടങ്ങുന്നു. എന്നാല്‍ മിക്ക പ്രതികളും കുറച്ചു ദിവസങ്ങള്‍ നാട്ടില്‍ തങ്ങിയ ശേഷം തിരിച്ച വിദേശത്തേക്ക് തന്നെ കടക്കുകയാണ് പതിവ്.