കൽപ്പറ്റ: അടച്ചുപൂട്ടാനിരിക്കുന്ന വിദ്യാലയത്തിനു ചുറ്റുമതിലും ഒഴിഞ്ഞുപോകാൻ കുടുംബങ്ങൾ തയാറെടുക്കുന്ന ആദിവാസി കോളനിയിലേക്കു റോഡും നിർമിച്ചു ധനദുർവിനിയോഗം. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നിർവഹണം അന്തിമഘട്ടത്തിലെത്തിയ ചെട്ട്യാലത്തൂർ വനഗ്രാമത്തിൽ നൂൽപ്പുഴ പഞ്ചായത്താണ് ധനദുർവിനിയോഗം നടത്തുന്നത്.
ജനോപകാരപ്രദമാകില്ലെന്നു ആളുകൾ ചൂണ്ടിക്കാട്ടിയിട്ടും പ്രവൃത്തികളുമായി മുന്നോട്ടുപോകുകയാണ് പഞ്ചായത്ത്. വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങ റേഞ്ചിലാണ് ചെട്ട്യാലത്തൂർ. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട ഗ്രാമത്തിലെ 100 കുടുംബങ്ങൾ കുടിയൊഴിഞ്ഞു. 40 ആദിവാസി കുടുംബങ്ങളുടെ പുനരധിവസം ഫെബ്രുവരി അവസാനത്തോടെ പൂർത്തിയാകും.
പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാത്ത പൊതുവിഭാഗത്തിൽപ്പെട്ട അഞ്ചും പ്രാക്തനഗോത്ര വിഭാഗത്തിൽപ്പെട്ട 20ൽ താഴെ കാട്ടുനായ്ക്ക കുടുംബങ്ങളുമാണ് ഗ്രാമത്തിലുള്ളത്. ഇവരെ വനത്തിനു പുറത്തേക്കു മാറ്റുന്നതിനുള്ള പാക്കേജും സർക്കാർ തയാറാക്കി വരികയാണ്.
ചെട്ട്യാലത്തൂരിലെ ഗവ.എൽപി സ്കൂളിൽ രജിസ്റ്റർ പ്രകാരം 19 കുട്ടികളാണ് നിലവിൽ. അഞ്ച് അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരും വിദ്യാലയത്തിലുണ്ട്. മുഴുവൻ കുടുംബങ്ങളും ഗ്രാമം വിടുന്നതോടെ സ്കൂളിൽ പഠിതാക്കൾ ഇല്ലാതാകും. എന്നിരിക്കെ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് വിദ്യാലയത്തിനു ചുറ്റുമതിൽ നിർമിക്കുന്നതും റോഡ് നിർമിക്കുന്നതും അഴിമതി മുന്നിൽക്കണ്ടാണെന്നു അഭിപ്രായപ്പെടുന്നവർ ചെട്ട്യാലത്തൂരിലും പുറത്തുമുണ്ട്.
ചെട്ട്യാലത്തൂരിൽ പുതിയ നിർമാണങ്ങൾ നടത്തേണ്ടെന്നു കഴിഞ്ഞ ഡിസംബറിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നിർവഹണ സമിതി യോഗം തീരുമാനിച്ചിരുന്നു. പദ്ധതി പ്രവർത്തനം പുരോഗമിക്കവെ ഗ്രാമത്തിൽ ആദിവാസി ഭവന പദ്ധതി നടപ്പിലാക്കാൻ നീക്കം നടക്കുന്നതു ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലായിരുന്നു തീരുമാനം.
എതിർപ്പുകൾ മറികടന്നാണ് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെംബറുടെയും നേതൃത്വത്തിൽ നിർമാണ സാമഗ്രികൾ സ്കൂൾ വളപ്പിൽ എത്തിച്ചത്. നൂൽപ്പുഴ പഞ്ചായത്തിൽ പിടിമുറുക്കുന്ന കരാർ ലോബിയാണ് ചെട്ട്യാലത്തൂരിലെ അനാവശ്യ നിർമാണങ്ങൾക്കു പിന്നിലെന്നും ആരോപണമുണ്ട്.