ആദ്യകാലങ്ങളില്‍ സഹനായക വേഷങ്ങളില്‍ നിറഞ്ഞു നിന്ന നടനാണ് ഷാജു. തന്റെ കരിയറിലെയും ജീവിതത്തിലെയും ചില നിമിഷങ്ങള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവയ്ക്കുന്നു. അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്ന ഷാജു തനിക്ക് സൗഹൃദത്തിന്റെ പേരില്‍ ഒരു അവസരവും ഒരു നായകനും തന്നിട്ടില്ലെന്നു പരിഭവമില്ലാതെ പറയുന്നു.
”ഓര്‍ഡിനറി’ എന്ന സിനിമയില്‍ ബിജു മേനോനെ പാലക്കാടന്‍ ഭാഷ പഠിപ്പിക്കാന്‍ വേണ്ടി ഡബ്ബിങ് സ്റ്റുഡിയോയില്‍ മുഴുവന്‍ സമയവും ഇരുന്നത് ഞാനായിരുന്നു. പിന്നീട് ‘ഉത്സാഹക്കമ്മിറ്റി’യില്‍ ജയറാമേട്ടനെ പഠിപ്പിക്കാന്‍ വേണ്ടി സിനിമ കഴിയുന്നതുവരെ ഞാനവിടെ ഉണ്ടായിരുന്നു. തിരുവനന്തപുരം ഭാഷ പഠിപ്പിക്കാന്‍ വേണ്ടി സുരാജ് വെഞ്ഞാറമൂട് മമ്മൂക്കയുടെ കൂടെയിരുന്നതാണ് അദ്ദേഹത്തിന്റെ കരിയറില്‍ ബ്രേക്ക് ആയത്.
എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു ബ്രേക്ക് ഉണ്ടായിട്ടില്ല. സൗഹൃദത്തിന്റെ പേരില്‍ ആരെങ്കിലും എന്തെങ്കിലും വേഷം തരുകയോ, നായകന്മാര്‍ എന്നെ സഹായിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ‘ഓര്‍ഡിനറി’ സൂപ്പര്‍ഹിറ്റായത് ബിജു മേനോന് കരിയറില്‍ വലിയ ബ്രേക്കുണ്ടാക്കി. അന്ന് എനിക്ക് തോന്നിയിട്ടുണ്ട് അദ്ദേഹത്തിനെന്നെ സഹായിക്കാമായിരുന്നു എന്ന്.
സിനിമയില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരോടൊന്നും ഞാന്‍ ചാന്‍സ് ചോദിക്കാതിരുന്നിട്ടില്ല. നേരിട്ടല്ലാതെ, തമാശ പോലെ ചാന്‍സ് ചോദിക്കും. എന്നാല്‍ അവരത് തമാശ പോലെ തള്ളിക്കളയുകയും ചെയ്യും. സൗഹൃദങ്ങള്‍ നന്നായി കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു പലപ്പോഴും അവരത് അറിഞ്ഞു ചെയ്യും എന്നു ഞാന്‍ കരുതും.
പക്ഷെ, അങ്ങനെയൊരു പരിഗണന സുഹൃത്തുക്കളില്‍ നിന്ന് കിട്ടിയിട്ടില്ല. ആരെയും കുറ്റപ്പെടുത്തുകയല്ല, ഒരുപക്ഷെ ഇതെന്റെ കുഴപ്പമായിരിക്കാം. ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുക, അതാണ് നല്ലത്. എല്ലാവരെയും നല്ല സുഹൃത്തുക്കളായി മാത്രം കാണുക.