ബൈജു ബാപ്പുട്ടി
കോഴിക്കോട്: രണ്ടര പതിറ്റാണ്ടിനുശേഷം മുസ്ലിം ലീഗിന് വനിതാ സ്ഥാനാർഥി.
ഇന്നലെ പാണക്കാട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുറത്തുവിട്ട സ്ഥാനാർഥി പട്ടികയിൽ വനിതയെ ഉൾപ്പെടുത്തിയത്.
കോഴിക്കോട് സൗത്തിൽ അഡ്വ. നൂർബിന റഷീദിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാണ് മുസ്ലിം ലീഗ് ചരിത്രപരമായ ചുവട് വച്ചത്.
വനിതാ ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗിന്റെ പൊളിറ്റിക്കൽ അഫയർ കമ്മിറ്റി അംഗവുമാണ് കോഴിക്കട് ബാറിലെ പ്രമുഖ അഭിഭാഷകയായ നൂർബിന റഷീദ്.
1996-ൽ അന്നത്തെ വനിതാലീഗ് അധ്യക്ഷയായിരുന്ന ഖമറുന്നീസ അൻവറായിരുന്നു ചരിത്രത്തിൽ മുസ്ലിം ലീഗ് ഏക വനിതാ സ്ഥാനാർഥിയായി കളത്തിലിറങ്ങിയത്.
കോഴിക്കോട് സൗത്തിൽത്തന്നെയായിരുന്നു (അന്നത്തെ കോഴിക്കോട് -രണ്ട്) ഖമറുന്നീസ അൻവറും മത്സരിച്ചിരുന്നത്.
എന്നാൽ ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീമിനോടു പരാജയപ്പെടുകയായിരുന്നു. പിന്നീട് മുസ്ലിം ലീഗ് വനിതകൾക്ക് അവസരം നല്കിയില്ല.
ഡോ. എം.കെ. മുനീറിന്റെ സിറ്റിംഗ് സീറ്റാണ് കോഴിക്കോട് സൗത്ത്. മുനീർ ഇക്കുറി കൊടുവള്ളിയിൽനിന്നാണ് ജനവിധി തേടുന്നത്.
ഇടതുമുന്നണിയിലെ ഐഎൻഎൽ സ്ഥാനാർഥിയായ അഹമ്മദ് ദേവർകോവിലാണ് നുർബിന റഷീദിന്റെ എതിരാളി.
വനിതകളോടു പുറംതിരിഞ്ഞു നിൽക്കുന്ന മുസ്ലിം ലീഗിന്റെ നിലപാട് പലപ്പോഴും വിമർശന വിധേയമായിരുന്നു. അതേസമയം തദ്ദേശ സ്ഥാപനങ്ങളിലേക്കു വനിതകളെ രംഗത്തിറക്കാറുമുണ്ട്.
മാത്രമല്ല മുസ്ലിംലീഗിന്റെ വനിതാ വിംഗ്-വനിതാ ലീഗ്-സംഘടനാ രംഗത്ത് ശക്തവുമാണ്.
വർഷങ്ങളായി വനിതാ ലീഗ് സ്ഥാനാർഥിത്വത്തിനുവേണ്ടിയുള്ള പോരാട്ടം ഏറ്റെടുത്ത് നടത്തിവരുകയായിരുന്നു ഇവർ.
മുസ്ലിം പണ്ഡിത കൂട്ടായ്മയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ ഇ.കെ.വിഭാഗത്തിനാണ് മുസ്ലിം ലീഗിനുമേൽ നിയന്ത്രണമുള്ളത്.
ഇവർക്ക് വനിതകളെ രംഗത്തിറക്കുന്നതിനോട് എതിർപ്പുണ്ടായിരുന്നതാണ് വനിതകളുടെ വരവ് വൈകാൻ കാരണമായത്.
എന്നാൽ മറ്റു മുസ്ലിം സംഘടനകൾ വനിതകളെ രംഗത്തിറക്കി തുടങ്ങിയതും ശബരിമല പ്രശ്നം പോലുള്ള സംഭവവികാസങ്ങളിൽ പൊതുരംഗത്തെ സ്ത്രീകളെ കുറിച്ച് ചർച്ച ഉയർന്നുവന്നതുമാണ് പാർട്ടിയെ പുനർവിചിന്തനത്തിനു പ്രേരിപ്പിച്ചത്.
മുസിലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ എംഎസ്എഫ്, യൂത്ത് ലീഗ്, മുസ്ലിം ലീഗിലെ മുജാഹിദ് വിഭാഗം തുടങ്ങിയവ വനിതകൾക്കനുകൂലമായ നിലാപാടെടുത്തതും പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൾ വഹാബ്, എം.കെ. മുനീർ തുടങ്ങിയ നേതാക്കൾ അനുകൂല നിലപാടെടുത്തതും ഗുണകരമായി.