മലപ്പുറം: മഞ്ചേരിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയ നടി നൂറിന് ഷെരീഫിന് നേരെ കൈയേറ്റശ്രമം. ബഹളത്തില്‍ ജനങ്ങളുടെ കൈ തട്ടി നൂറിന്റെ മൂക്കിന് പരിക്കേറ്റു. ഒടുവില്‍ കരഞ്ഞുകൊണ്ടാണ് നൂറിന് ഉദ്ഘാടനത്തിന് എത്തിയ ജനക്കൂട്ടത്തോട് സംസാരിച്ചത്.
വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകര്‍ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ പറഞ്ഞു. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലില്‍ എത്തി.
എന്നാല്‍, ആളുകള്‍ കൂടുതല്‍ വരട്ടെ എന്നു പറഞ്ഞ് സംഘാടകര്‍ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലില്‍ നില്ക്കാന് ആവശ്യപ്പെട്ടുവെന്നും പിന്നീട് ആറു മണിക്ക് നൂറിന് ഉദ്ഘാടനസ്ഥലത്ത് എത്തിയതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം ബഹളം വയ്ക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.
എത്തിയ ഉടനെ നടിയെയും കൂട്ടരെയും വളഞ്ഞ ആള്‍ക്കൂട്ടം അവര്‍ വന്ന കാറിൽ ഇടിക്കുകയും മറ്റും ചെയ്തു. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ ചിലരുടെ കൈ കൊണ്ടാണ് നടിയുടെ മൂക്കിന് ഇടിയേറ്റത്. നൂറിന് വേദിയിലെത്തിയതോടെ എത്താന്‍ വൈകിയതായി ആരോപിച്ച് ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു.
ബഹളം അനിയന്ത്രിതമായതോടെ നൂറിന് തന്നെ മൈക്കെടുത്ത് സംസാരിച്ചതോടെയാണ് ജനം പ്രതിഷേധം അവസാനിപ്പിച്ചത്. പിന്നീട് ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിന് മടങ്ങിയത്.