ഗാഥയെ പ്രേക്ഷകർ ഇഷ്ടത്തോടെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ‘ഒരു അഡാർ ലവി’ലെ നായിക നൂറിൻ ഷെരീഫ്. നൃത്തപശ്ചാത്തലമാണ് നൂറിനെ സിനിമയിലെത്തിച്ചത്. ഒമർ ലുലുവിന്റെ ചങ്ക്സിൽ തുടക്കം. ഒരു അഡാർ ലവിൽ ഏറെ പ്രാധാന്യമുള്ള നായികവേഷം. ഒമറിന്റെ അടുത്ത ചിത്രം ‘പാത്തു വെഡ്സ് ഫ്രീക്കനി’ലും നൂറിനാണു നായിക. ചവറ എംഎസ്എൻ കോളജിൽ ഇന്റഗ്രേറ്റഡ് എംബിഎ രണ്ടാംവർഷ വിദ്യാർഥിയാണ് നൂറിൻ. യുവതാരം നൂറിൻ ഷെരീഫിന്റെ സിനിമാവിശേഷങ്ങളിലേക്ക്….
ഒരു അഡാർ ലവ് എന്ന സിനിമയിലേക്ക് എത്തിയത്…?
കുട്ടിക്കാലം മുതൽ എനിക്കു സിനിമ ഇഷ്ടമായിരുന്നു. ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചിട്ടുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതലത്തിൽ വരെ പെർഫോം ചെയ്തിട്ടുണ്ട്. ബാക്ക്ഗ്രൗണ്ടിൽ നിന്നു ഡാൻസ് കളിക്കുന്ന ഒരാളായിരുന്നു ഞാൻ.അന്നൊക്കെ നടിമാരെയും അഭിനയിക്കുന്നവരെയും കാണുന്പോൾ എനിക്കും അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. ചെറിയ രീതിയിൽ മോഡലിംഗും ചെയ്തിരുന്നു.
പ്ലസ്ടുവിനു പഠിക്കുന്പോൾ ഓഡിഷനിലൂടെ ചങ്ക്സിലെത്തി. അതിൽ ചെറിയ ഒരു വേഷം. 2017 ൽ മിസ് കേരള ഫിറ്റ്നസ് വിജയി. ഓഡിഷനിലൂടെ 2018 ൽ അഡാർ ലവിൽ എത്തി. നമ്മൾ ഇൻട്രാക്റ്റ് ചെയ്യുന്നത് എങ്ങനെയെന്നു വിലയിരുത്തിയായിരുന്നു സെലക്ഷൻ. അത്യാവശ്യം പ്രാധാന്യമുള്ള കഥാപാത്രമാണെന്ന് ഒമറിക്ക പറഞ്ഞിരുന്നു. അങ്ങനെ ആ വേഷം ചെയ്യാമെന്നു തീരുമാനിച്ചു.
ഒരു അഡാർ ലവ് പറയുന്നത്….?
ഒരു ചെറിയ ലവ് സ്റ്റോറിയാണിത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് നമ്മൾക്കുണ്ടായിട്ടുള്ള അനുഭവങ്ങൾ അല്ലെങ്കിൽ നമ്മൾ കണ്ടിട്ടുള്ള കാഴ്ചകളിലൂടെയുള്ള യാത്രയാണ് ഈ സിനിമ. ലവ് മാത്രമല്ല….നമ്മുടെ സൗഹൃദങ്ങൾ, അതിന്റെ ആഴം… അത്തരം കുറേ കാര്യങ്ങൾ ചേർന്നുവരുന്ന സിനിമയാണിത്. ഫാമിലി എന്റർടെയ്നർ. ഞാൻ എന്റെ ഫാമിലിക്കൊപ്പമാണു സിനിമ കണ്ടത്.
ഗാഥയെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നു…
ഗാഥയെ എനിക്കു തന്നതിന് ഇതിന്റെ സംവിധായകൻ ഒമറിക്കയോടും സ്ക്രിപ്റ്റ് ചെയ്ത സാരംഗ് ചേട്ടൻ, ലിജോ ചേട്ടൻ എന്നിവരോടും നന്ദി. ചില കാര്യങ്ങളിലൊക്കെ ഗാഥയും ഞാനും ഒരേപോലെയാണ്. വലിയ എക്സ്പീരിയൻസ് ഇല്ലാത്ത ആളായതിനാൽ എന്താണു ചെയ്യേണ്ടതെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. അവരുടെ ഉള്ളിലെ ഗാഥ എങ്ങനെയാണു ചിരിക്കുന്നത്, എങ്ങനെയാണു നോക്കുന്നത്…എന്നിങ്ങനെ ഗാഥയെക്കുറിച്ചു പരമാവധി കാര്യങ്ങൾ അവരോടു ചോദിച്ചു മനസിലാക്കിയാണ് ഞാൻ ആ കഥാപാത്രമായത്.
ഗാഥയെ ഇഷ്ടമായി, നന്നായി ചെയ്തു എന്ന് എല്ലാവരും പറഞ്ഞപ്പോൾ എനിക്കു വലിയ സന്തോഷമായി. പ്രേക്ഷകർ അത്രത്തോളം എന്റെ കഥാപാത്രത്തെ സ്വീകരിച്ചുവല്ലോ. ഞാൻ അങ്ങനെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഗാഥയെ എന്റെ കഴിവിന്റെ മാക്സിമം ചെയ്യാനായതു സംവിധായകൻ, സ്ക്രിപ്റ്റ് റൈറ്റേഴ്സ്, വില്ലൻ വേഷം ചെയ്ത വേണുച്ചേട്ടൻ എന്നിവരുടെയൊക്കെ പിന്തുണയിലാണ്.
നൂറിനാണ് അഡാർ ലവിലെ യഥാർഥ നായികയെന്നു സിനിമ കണ്ട പ്രേക്ഷകർ പറയുന്നു…?
എനിക്കും പ്രിയയ്ക്കുമെല്ലാം സിനിമയിൽ ഒരേ പ്രാധാന്യം തന്നെയെന്നാണ് തോന്നിയിട്ടുള്ളത്. ഫസ്റ്റ് ഹാഫിൽ പ്രിയ ആ കഥാപാത്രം നന്നായി ചെയ്തുകൊണ്ടുവരുന്നു. സെക്കൻഡ് ഹാഫ് ആകുന്പോൾ അത് എന്നിലേക്കു വരുന്നതായേ തോന്നിയുള്ളൂ. പിന്നീടു കുറേ മാറ്റങ്ങൾ മൂവിയിൽ വരുത്തിയിട്ടുള്ളതിനാൽ ആ ഒരു രീതിയിലാണു കഥയും പൊയ്ക്കൊണ്ടിരിക്കുന്നത്.
പുതിയ ക്ലൈമാക്സിനോടുള്ള പ്രേക്ഷകരുടെ പ്രതികരണം…?
നേരത്തേ മിക്സഡ് പ്രതികരണം ആയിരുന്നു. ഇപ്പോൾ ഫുൾ പോസിറ്റീവാണ്. എല്ലാവരും ഇഷ്ടമായി എന്നു പറയുന്നു. ഇങ്ങനെയൊരു ക്ലൈമാക്സാണ് പ്രതീക്ഷിച്ചതെന്ന് ഏറെപ്പേരും ഇപ്പോൾ പറയുന്നു.
പ്രിയ, റോഷൻ… സൗഹൃദങ്ങൾ …?
സെറ്റിൽ വച്ചാണ് എല്ലാവരും പരസ്പരം കണ്ടതും പരിചയപ്പെട്ടതും. സെറ്റിൽ എല്ലാവരും നല്ല കന്പനിയായിരുന്നു. ഇപ്പോഴും ഇടയ്ക്കൊക്കെ എല്ലാവരും വിളിക്കാറുണ്ട്. എല്ലാവരുമായും ഇപ്പോഴും നല്ല കന്പനിയാണ്.
ഒമർ ലുലുവിന്റെ പിന്തുണ…?
ഒമർ ഇക്കയെ സിനിമയിലെ എന്റെ മെൻഡർ, ഗോഡ് ഫാദർ എന്നൊക്കെ പറയാം. കാരണം, ഞാൻ അദ്ദേഹത്തിന്റെ സിനിമയിലൂടെയാണു വന്നത്. ഗാഥയെക്കുറിച്ച് മനസിലുള്ളതെല്ലാം അദ്ദേഹം നല്ല രീതിയിൽ എനിക്കു പറഞ്ഞുതന്നു. ഗാഥയ്ക്കു മാത്രമല്ല ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഉദ്ദേശിക്കുന്ന ഒൗട്ട്പുട്ടിനു വേണ്ടി എല്ലാ സഹായവും അദ്ദേഹം നല്കിയിട്ടുണ്ട്. പിന്നെ, നമ്മൾ ചെയ്തെടുക്കുന്നതിനനുസരിച്ചു കഥാപാത്രങ്ങളിൽ വേരിയേഷൻ വരുന്നുണ്ടെന്നേയുള്ളൂ. നമ്മുടേതായ ഐഡിയകൾ, അഭിപ്രായങ്ങൾ എന്നിവ അവതരിപ്പിക്കാനുള്ള കംഫർട്ടബിൾ സ്പേസ് ഒമറിക്ക തന്നിരുന്നു.
അഡാർ ലവ് ഷൂട്ടിംഗ് അനുഭവങ്ങളിൽ ഇപ്പോഴും മനസിൽ തങ്ങിനിൽക്കുന്നത്…?
എനിക്ക് അഡാർ അനുഭവങ്ങളെല്ലാം ഒരുപോലെ തന്നെയായിരുന്നു. കാരണം, ഒരു വർഷം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. സാധാരണ പോലെ സ്കൂളിൽ പോവുക എന്നത് ഇതിന്റെ ഷെഡ്യൂളിൽ പതിവായിരുന്നു. തൃശൂർ ഡോണ് ബോസ്കോ സ്കൂളിലായിരുന്നു ചിത്രീകരണം.
ഈ പടം ചെയ്യുന്പോൾ നേരിട്ട ചലഞ്ച്…?
അങ്ങനെയൊന്നും എനിക്കു തോന്നിയിട്ടില്ല. ഞാൻ ഏറെ കോണ്ഷ്യസായ ഒരാളാണ്. എന്നെക്കൊണ്ട് ഈ കഥാപാത്രം ചെയ്യാൻ പറ്റുമോ, ഞാൻ ചെയ്താൽ എല്ലാവർക്കും ഇഷ്ടമാകുമോ എന്നൊക്കെ തോന്നിയിട്ടുണ്ട്. പ്രേക്ഷകർക്ക് എന്നെ ഇഷ്ടമായി എന്നറിഞ്ഞതിൽ ഇപ്പോൾ വലിയ സന്തോഷം.
ഈ സിനിമയിൽ ഏറ്റവും പ്രചോദിതമായി തോന്നിയത്….?
പ്രേക്ഷകർ ഗാഥയെ സ്വീകരിച്ചില്ലേ. അതു വലിയ കാര്യമല്ലേ. അതുപോലെ ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. നമ്മളെ വളർത്തുന്നതു പ്രേക്ഷകരാണല്ലോ.
അടുത്തു ചെയ്യുന്ന സിനിമകൾ…?
ഒമറിക്കയുടെ പാത്തു വെഡ്സ് ഫ്രീക്കൻ എന്ന മൂവി കമിറ്റ് ചെയ്തു. ഏപ്രിൽ അവസാനം ഷൂട്ടിംഗ് ഉണ്ടാകുമെന്നു കരുതുന്നു. പുതുമുഖം അസ്നാദാണു നായകൻ. വേറെയും നല്ല ഓഫറുകൾ വന്നാൽ ചെയ്യണമെന്നുണ്ട്.
ഇനി എങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം…?
എല്ലാവരുടെയും മനസിൽ നിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്നേയുള്ളൂ. അഞ്ചു മിനിറ്റുള്ള സീനാണെങ്കിലും മണിക്കൂറുകൾ ഉണ്ടെങ്കിൽ പോലും നമ്മളെ ആളുകൾക്ക് ഇഷ്ടമാകുന്നത്(നമ്മൾ പ്രേക്ഷകരുടെ മനസിൽ പതിയുന്നത്) ഒന്നു രണ്ടു സെക്കൻഡുകളിലാണ്. അങ്ങനെയുള്ള കഥാപാത്രങ്ങൾ കിട്ടണമെന്നേ ആഗ്രഹമുള്ളൂ
വീട്ടിൽ നിന്നുള്ള പിന്തുണ….?
വീട്ടിൽ എല്ലാവരും സപ്പോർട്ടാണ്. വാപ്പയും ഉമ്മയുമാണ് സെറ്റുകളിൽ കൂടെവരുന്നത്. ഞാൻ എപ്പോഴും അവരുടെ കൂടെയാണ്. അപ്പോൾ അവരെ ബോധിപ്പിച്ചാൽ മതിയല്ലോ. അവർ ഓകെയാണ്. വാപ്പ ഉൾപ്പെടെ വീട്ടിൽ എല്ലാവർക്കും സിനിമ ഇഷ്ടമായി. സിനിമയിൽ തുടരാനാണ് ആഗ്രഹം. കൊല്ലം കുണ്ടറയിലാണു താമസം. ഉമ്മ ഹസീന. വാപ്പ ഷെരീഫ് സൗദിയിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. ചേച്ചി നസ്റിൻ വിവാഹിതയാണ്.
പ്രേക്ഷകരോട്…?
എല്ലാവരും തിയറ്ററിൽ പോയി കാണണം. വലിയ പ്രതീക്ഷയൊന്നും കൊടുക്കാതെ നമ്മൾ സാധാരണ ഒരു സിനിമ കാണാൻ എങ്ങനെയാണോ പോകുന്നത് ആ രീതിയിൽ പോയാൽ എല്ലാവർക്കും ഇഷ്ടമാകുന്ന സിനിമയാണ് ഒരു അഡാർ ലവ്.
ടി.ജി.ബൈജുനാഥ്