കൊച്ചി: കാനഡയിൽ വിസ വാഗ്ദാനം ചെയ്തു സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള നിരവധിപ്പേരിൽനിന്നു പണം തട്ടിയ സംഭവത്തിൽ പ്രതി പിടിയിലായതിനു പിന്നാലെ തട്ടിപ്പിന് ഇരയായ കൂടുതൽപേർ പരാതിയുമായി രംഗത്ത്.
വിസ തട്ടിപ്പ് കേസിൽ കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ചപുനലൂർ വീട്ടിൽ നൂറുദ്ദീനെ (22) യാണ് എറണാകുളം നോർത്ത് എസ്ഐ വിബിൻദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ പിടിയിലായ വിവരം അറിഞ്ഞു തട്ടിപ്പിനിരയായ നിരവധി പേർ പോലീസ് സ്റ്റേഷനിൽ പരാതിയുമായി വിളിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇരുപത്തിയഞ്ചോളം പേരിൽനിന്നായി ഇയാൾ പണം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. 10,000 രൂപവീതമാണു ഓരോരുത്തരിൽനിന്നും തട്ടിയെടുത്തത്. ഡൽഹി എയർപോർട്ടിൽ കസ്റ്റമർ കെയർ ഓഫീസർ ആയി നേരത്തെ ജോലി ചെയ്ത ഇയാൾ ആ ജോലി മതിയാക്കിയശേഷമാണു തട്ടിപ്പിനു തുടക്കമിട്ടത്.
എയർ ഇന്ത്യയിൽ വിജിലൻസ് ഓഫീസറാണെന്നും ഡൽഹി, തിരുവനന്തപുരം, ദുബായ്, സിംഗപ്പൂർ എയർപോർട്ടുകളിൽ ജോലി ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 65,000 രൂപ മാത്രം ജോലിക്കു മുടക്കിയാൽ മതിയെന്നു പറഞ്ഞു 10,000 രൂപ ഓരോരുത്തരിൽനിന്ന് അഡ്വാൻസായി വാങ്ങുകയായിരുന്നു.
ഉദ്യോഗാർഥികളിൽ ചിലർ എയർ ഇന്ത്യയുടെ സൈറ്റിൽ നോക്കിയപ്പോൾ ഇതേ പേരിലുള്ള ഓഫീസർ ഉണ്ടായിരുന്നതുകൊണ്ടു നൂറുദ്ധീൻ പറഞ്ഞതു വിശ്വസിച്ചു. ഒടുവിൽ ജോലി കിട്ടാതായതോടെ എയർ ഇന്ത്യയിൽ നേരിൽ അന്വഷിച്ചപ്പോഴാണ് ചതി പറ്റിയ വിവരവും തങ്ങളെ കാണിച്ച ഐഡി കാർഡ് വ്യാജമായിരുന്നുവെന്നും മനസിലാക്കിയത്.
പണം തിരികെ കിട്ടുന്നതിനായി പ്രതിയുടെ വീട്ടിൽ ഉദ്യോഗാർഥികൾ പല തവണ പോയെങ്കിലും ഇയാൾ സ്ഥലത്തില്ലെന്ന മറുപടിയാണു ലഭിച്ചത്. തുടർന്നാണു പരാതിയുമായി ചിലർ നോർത്ത് പോലീസിനെ സമീപിച്ചത്. തമിഴ്നാട്ടിലും കർണാടകയിലും കറങ്ങി നടന്നിരുന്ന പ്രതിയെ ഒടുവിൽ സൈബർ സെല്ലിന്റ സഹായത്തോടെ നടത്തിയ അന്വഷണത്തിലാണ് കുടുക്കിയത്.
ഇയാളുടെ ബാഗിൽനിന്നും എയർ ഇന്ത്യ വിജിലൻസ് ഓഫീസർ ഡൽഹി എന്ന ഐഡി കാർഡുകളും, നിരവധി സീലുകളും എറണാകുളത്തും, തിരുവനന്തപുരത്തും നിരവധി സ്റ്റാർ ഹോട്ടലുകളിൽ മുറിയെടുത്തു ഇന്റർവ്യൂ നടത്തിയതിന്റെ രേഖകളും പോലീസ് കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നോർത്ത് സിഐ കെ.ജെ. പീറ്ററിന്റെ നിർദേശ പ്രകാരം എസ്ഐ വിബിൻദാസ്, എസ്സിപിഒമാരായ വിനോദ് കൃഷ്ണ, അലി എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.