കോട്ടയം: നോക്കുകൂലിക്കെതിരെ തൊഴിലാളികൾക്കിടയിൽ ശക്തമായ അവബോധവുമായി സർക്കാർ. ‘നോ പറയാം നമുക്ക് നോക്കു കൂലിയോട്’ എന്ന പേരിൽ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ജില്ലാ തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് അവബോധയോഗം നടത്തുന്നത്.
ഇന്നു രാവിലെ 11ന് കോട്ടയം എംഎൽ റോഡിലുള്ള വ്യാപാര ഭവൻ ഹാളിൽ ചേരുന്ന അവബോധന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി ഉദ്ഘാടനം ചെയ്തു. കേരള ചുമുട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചീഫ് എക്സിക്യൂട്ടീവ് കെ. ശ്രീലാൽ മുഖ്യപ്രഭാഷണം നടത്തി.
ഡെപ്യൂട്ടി ലേബർ ഓഫീസർ എം. ജയശ്രീ, ജില്ലാ ലേബർ ഓഫീസർ വി.ബി.ബിജു, ചുമട്ടുതൊഴിലാളി ക്ഷേമ ബേർഡ് അക്കൗണ്ട്സ് ഓഫീസർ പി. ആർ. ഉഷാകുമാരി എന്നിവർ അവബോധന പരിപാടിക്ക് നേതൃത്വം നൽകി. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന കേരളത്തിലെ ചുമുട്ടുതൊഴിൽ മേഖലയിൽ നില നിന്നിരുന്ന നിയമവിരുദ്ധവും അധാർമികവും അനാരോഗ്യകരവുമായ സന്പ്രദായമാണ് നോക്കു കൂലി. സർക്കാരും ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡും നോക്കു കൂലിക്കെതിരെ കർശനമായ നടപടികളാണ് ഇപ്പോൾ സ്വീകരിച്ചു വരുന്നത്.
ഇതിനായി തൊഴിലാളികൾക്കിടിയിൽ വ്യാപകമായ ബോധവത്കരണമാണ് ഏറ്റവും പ്രധാനമായി നടത്തുന്നത്.തൊഴിൽ മേഖലയിൽ തൊഴിലാളി-തൊഴിലുടമ സുഹൃത്ബന്ധം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മനസിലാക്കി തൊഴിൽ രംഗത്ത് നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കി സൗഹാർദമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനാണ് 2018 മേയ് ഒന്നിന് തൊഴിലാളി ദിനത്തിൽ നോക്കു കൂലി നിരോധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത്.
എന്നാൽ ഇതു പൂർണമായും നിർമാർജനം ചെയ്യാൻ ഇതു വരെ കഴിഞ്ഞിട്ടില്ല.ചുരുക്കം ചില കോണുകളിൽ നിന്നും ഇപ്പോഴും പ്രാകൃതമായ ഈ സന്പ്രദായം റിപ്പോർട്ടു ചെയ്യുന്നുണ്ട്.
സ്വപ്രയത്നത്താൽ മുന്നേറുന്ന ചുമട്ടുതൊഴിലാളി സമൂഹത്തെ അപ്പാടെ സംശയത്തിന്റെ നിഴലിലാക്കുന്നതും അവരുടെ ധാർമികതയെ ചോദ്യം ചെയ്യപ്പെടുന്നതുമാണ് ഇത്തരം വാർത്തകൾ.
ചുമുട്ടുതൊഴിലാളി സമൂഹത്തിന്റെ പ്രതിബന്ധതയെ ചോദ്യം ചെയ്യുന്നതും കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം തകർക്കുന്നതുമായ ഈ ദുഷ്പ്രവണതയെ നീക്കം ചെയ്യാനായി തൊഴിൽ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൊഴിലാളികൾക്കിടിയിൽ അവബോധനം സൃഷ്ടിക്കാനുള്ള കാന്പയിനുമായി രംഗത്ത് എത്തിയിരിക്കുന്നത്.
എല്ലാ ജില്ലകളിലും ഇത്തരത്തിലുള്ളഅവബോധന യോഗങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.