ബോർഡ് വച്ചിരിക്കുന്നത് വാഹനം പാർക്ക് ചെയ്യുക എന്നതു ചിലരുടെ വിനോദമാണ്. സ്ഥാപനമെന്നോ വീടെന്നോ വ്യത്യാസമില്ലാതെ വഴിയടച്ചായിരിക്കും ചിലരുടെ പാക്കിംഗ്.
നഗരങ്ങളിൽ താമസിക്കുന്നവർ ഏറെ വലയുന്നതും ഇത്തരം നോ പാർക്കിംഗുകാരെക്കൊണ്ടാണ്. ഇവരെ എങ്ങനെയാണ് നേരിടേണ്ടതെന്നു കാണിച്ചുതരുകയാണ് ലണ്ടൻ സ്വദേശിയായ ടോബെ ബെയ്ലി.
തന്റെ ഫേസ്ബുക്കിലൂടെയാണ് വീടിനു മുന്നിൽ അനധികൃതമായി പാർക്ക് ചെയ്ത കാറിന്റെ ഉടമസ്ഥനെ പാഠം പഠിപ്പിച്ച സംഭവം പുറത്തുവിട്ടത്. സംഭവം ഇങ്ങനെയാണ്- ടോബെ താമസിക്കുന്ന തെരുവിൽ 26 വീടുകളും 24 പാർക്കിംഗ് സ്ഥലങ്ങളുമാണുളളത്.
പാർക്കിംഗ് സ്ഥലത്തിന്റെ അപര്യാപ്തമൂലം പലരും കാർ പാർക്ക് ചെയ്യുന്നത് ടോബെയുടെ വീടിനു മുന്നിലാണ്, അതു വീട്ടിലേക്കുള്ള വഴിയടച്ച്. ഇതോടെ ടോബെ വീടിനുമുന്നിൽ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചു. പലരോടും നേരിട്ട് അഭ്യർഥിച്ചു. എന്നിട്ടും രക്ഷയുണ്ടായില്ല.
ഒന്നര ദിവസം!
ഒരു ദിവസം ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്ക് എത്തിയ ടോബെ ശരിക്കും പെട്ടു. വഴിയടച്ച് കാർ പാർക്ക് ചെയ്തിരിക്കുകയാണ്. ടോബെയുടെ കാർ അകത്തേക്കും മകളുടെ കാർ പുറത്തേക്കും ഇറക്കാനാവാത്ത സ്ഥിതി. കാർ മാറ്റണമെന്ന് ഒരു കുറിപ്പെഴുതി കാറിൽ പതിപ്പിച്ച് ടോബെ പോയി. പക്ഷേ. ഒന്നും സംഭവിച്ചില്ല.
ഒന്നര ദിവസത്തോളം കാർ അവിടെക്കിടന്നു. സഹികെട്ട ടോബെ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. പാഴ്സലുകൾ ഒട്ടിക്കുന്ന വലിയ ടേപ്പ് വാങ്ങി കാർ മുഴുവൻ പൊതിഞ്ഞു. കാർ കാണാൻ പറ്റാത്ത വിധത്തിൽ. അതോടെ ഉമസ്ഥൻ സ്ഥലത്തെത്തി മാപ്പു പറഞ്ഞു.
അടുത്ത വീട്ടിലെ പെൺകുട്ടിയായിരുന്നു കാറിന്റെ ഉടമസ്ഥ. മേലിൽ അവിടെ പാർക്ക് ചെയ്യില്ലെന്ന് ഉറപ്പും നൽകിയതായി ടോബെ പറഞ്ഞു. അനധികൃതമായി പാർക്ക് ചെയ്യുന്നവർക്ക് ടോബെ ആദ്യമായിട്ടല്ല പണികൊടുക്കുന്നത്.
മുന്പ് ഇതുപോലെ പാർക്ക് ചെയ്ത കാർ ജാക്കി വച്ച് ഉയർത്തിവച്ചിട്ടുണ്ട് ടോബെ. പിന്നീട് ഉടമസ്ഥൻ വന്ന് മാപ്പ് പറഞ്ഞാണ് അന്നു പ്രശ്നം പരിഹരിച്ചത്.