മുക്കം: പ്ലാസ്റ്റിക് പ്രകൃതിയെ സംബന്ധിച്ചിടത്തോളം എത്രത്തോളം ദോഷകരമാണന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അത് കൊണ്ട് തന്നെയാണ് സംസ്ഥാന സർക്കാരിന് നിർബന്ധപൂർവം പ്ലാസ്റ്റിക് നിരോധിക്കേണ്ടിടി വന്നതും.
ഇത്രയും കാലം നാം ഉപയോഗിച്ച് വലിച്ചെറിഞ്ഞത് ഊഹിക്കാൻ പറ്റുന്നതിലും എത്രയോ ഇരട്ടിയാണ്. എന്നാൽ ചെറുവാടി പാറപ്പുറത്ത് വീട്ടിലെത്തിയാൽ ഉപയോഗ ശൂന്യമായി ഒന്നും തന്നെയില്ലന്ന് നമുക്ക് ബോധ്യമാവും.
പാറപ്പുറത്ത് കുഞ്ഞാൾ എന്ന ആമിനക്ക് പഴയ പ്ലാസ്റ്റിക് കുപ്പികൾ ,നാം നിസാരമായി കണ്ട് വലിച്ച റിയുന്ന ചകിരി തൊണ്ട്, കേടായ ഫ്ലവർ ബേസ്, ഫ്യൂസായ ബൾബ് എന്ന് വേണ്ട ഏത് സാധനം കിട്ടിയാലും അത് തന്റെ ചെടികൾ വളർത്താനുള്ള മാർഗ്ഗമായി മാറും.
വെർട്ടിക്കൽ ഗാർഡൻ മോഡലിൽ മനോഹരമായ ഒരു ഉദ്യാനമാണിന്ന് പാറപ്പുറം വീട്ടുമുറ്റം. ആമിന തന്റെ ഒഴിവ് സമയം ചിലവഴിക്കുന്നതും ഈ ഉദ്യാനത്തിന്റെ പരിചരണത്തിനായാണ്.
ഇന്ന് വിവിധയിനം നൂറ് കണക്കിന് ചെടികളാണ് ഇവിടെ വളരുന്നത്. വർഷങ്ങൾക്ക് മുൻപ് തന്റെ ഭർത്താവിനും മക്കൾക്കുമൊപ്പം മൈസൂരിൽ ഗാർഡനിൽ പോയി വന്നപ്പോഴാണ് ഇത്തരമൊരു ആശയം മനസിലുദിച്ചതന്ന് ആമിന പറയുന്നു.
ഇപ്പോൾ ഈ വീട്ടിൽ ഉപയോഗ ശൂന്യമായി ഒന്നും തന്നെയില്ലന്നും അവർ പറയുന്നു.
ഇപ്പോൾ എവിടെ പോയാലും ആദ്യം ഇവർ തിരയുന്നത് നല്ല വെറൈറ്റി ചെടികൾ തന്നെയാണ്. പൂർണ്ണ പിന്തുണയുമായി ഭർത്താവ് യൂസഫും ഒപ്പമുണ്ട്.
ഉദ്യാനപാലകയായതോടെ ആമിനക്കുണ്ടായിരുന്ന ചെറിയ ചെറിയ അസുഖങ്ങൾ വരെ മാറിയതായി ഭർത്താവ് സാക്ഷ്യഷ്യപ്പെടുത്തുന്നു. വീട്ടുമുറ്റത്തെ ഈ ഉദ്യാനത്തിനൊപ്പം ചെറിയ രീതിയിൽ പച്ചക്കറിയും, മത്സ്യകൃഷിയും ഫലവൃക്ഷങ്ങളുമെല്ലാം ഈ മുറ്റത്ത് വളരുന്നുണ്ട്.
ചെടികളുടെ ഇലകൾ വെള്ളത്തിലിട്ട് 15 ദിവസത്തിനകം വേര് വരുന്ന പുതിയ രീതിയും ഇവർ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. അത് അടുക്കളയില്യം മറ്റുമായി മനോഹരമായി സെറ്റ് ചെയ്തിരിക്കുകയാണ്.
ചെറിയ ചെറിയ സ്ഥലങ്ങളിൽ വീടുകളുണ്ടാക്കി അതിൽ മതിൽ കെട്ടി മറക്കുന്ന പുതിയ തലമുറക്കാർക്കിടയിൽ പൂന്തോട്ട വേലികൾ നിർമ്മിച്ച് അയൽപക്ക ബന്ധങ്ങൾ കൂടുതൽ ദൃഡമാക്കുകയാണ് ഈ കുടുംബം.