ചങ്ങനാശേരി: പണം തന്നാൽ വീട്ടിലെ പ്രശ്നങ്ങൾ പ്രാർഥനയിലുടെ മാറ്റിത്താരമെന്ന് പറഞ്ഞു രണ്ടു വർഷത്തിനുള്ളിൽ റിട്ട. കോളജ് അധ്യാപികയുടെ കൈയ്യിൽനിന്ന് തട്ടിപ്പുകാരൻ വാങ്ങിയെടുത്തത് 33 ലക്ഷം രൂപ. രണ്ടു വർഷം കഴിഞ്ഞിട്ടും പണം നഷ്ടമാകുന്നതല്ലാതെ പ്രശ്നങ്ങൾക്കു കുറവില്ലാതെ വന്നതോടെ വീട്ടമ്മയ്ക്കു കാര്യങ്ങൾ ബോധ്യപ്പെട്ടു.
ഒടുവിൽ പരാതി നല്കിയതോടെ പ്രതി പിടിയിലായി. എറണാകുളം മരട് സ്വദേശിയും ഇപ്പോൾ പാന്പാടി ആശാരിപ്പറന്പിൽ പൊന്നൻ സിറ്റിയിൽ വാടകയ്ക്ക് താമസക്കുകയും ചെയ്യുന്ന നോർബിൻ നോബി (40) ആണ് ആലപ്പുഴയിൽ നിന്ന് പോലീസ് പിടിയിലായത്. സമാനമായ രീതിയിൽ ഇയാൾ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
ചങ്ങനാശേരി കുരിശുംമൂട് സ്വദേശിയായ റിട്ടയേർഡ് കോളജ് അധ്യാപികയുടെ കയ്യിൽനിന്നാണ് ഇയാൾ 33 ലക്ഷം രൂപയോളം തട്ടിയെടുത്തത്. പ്രാർഥനാ ചടങ്ങുകളിൽവച്ച് വീട്ടമ്മയെ പരിചയപ്പെട്ട നോർബിൻ ഇവരുടെ വീട് സന്ദർശിക്കുകയും വീട്ടിൽ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും പ്രാർഥനയിൽ കൂടി മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തും.
ഇക്കാരണം പറഞ്ഞാണ് ഇവരിൽ നിന്നു പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.ഭർത്താവ് മരണപ്പെട്ട ഇവരുടെ രണ്ട് പെണ്മക്കൾ കുടുംബമായി വിദേശത്താണ്. ഒരു പ്രാർഥനയ്ക്ക് 13000 രൂപ പ്രകാരവും പത്തിൽ കൂടുതൽ ആൾക്കാരെ പ്രാർഥനാ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിന് 30,000 രൂപയുമാണ് വാങ്ങിയിരുന്നത്.
കൂടാതെ ഇവരുടെ കൈയ്യിൽ നിന്ന് വായ്പയായും പല തവണകളായി വലിയ തുകയും വാങ്ങിയെടുത്തിട്ടുണ്ട്. രണ്ടുവർഷമായി ഇങ്ങനെ തുടർന്നിട്ടും യാതൊരുവിധ ഫലങ്ങളും ഉണ്ടാകാത്തതിനെത്തുടർന്ന് വീട്ടമ്മ തിരികെ പണം ചോദിച്ചു. പല അവധികൾ പറഞ്ഞിട്ടും കിട്ടാത്തതെവന്നപ്പോൾ ഇവർ ചങ്ങനാശേരി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി മുങ്ങി. ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നോർബിനെ കണ്ടെത്താനായില്ല. തുടർന്ന് ഇവർ ചങ്ങനാശേരി കോടതിയിൽ പരാതി നൽകുകയായിരുന്നു.
പ്രതിയെ ഹാജരാക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെടുകയും നോർബിന്റെ മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ ആലപ്പുഴ കളർകോടുള്ള ലോഡ്ജിൽ നിന്ന് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.