കേരളത്തില്‍ നോറോ വൈറസ് പടരുന്നു ! 54 വിദ്യാര്‍ഥികള്‍ക്ക് രോഗബാധ; പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും വന്‍ഭീഷണി…

കേരളത്തില്‍ നോറോ വൈറസ് വ്യാപിക്കുന്നു. തൃശൂര്‍ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും നോറോ വൈറസ് സ്ഥിരീകരിച്ചു.

ഈ മാസം എട്ട് മുതല്‍ രോഗലക്ഷണം കണ്ടു തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി.

എന്നാല്‍, ആരോഗ്യവകുപ്പിന് വിവരം ലഭ്യമായിരുന്നില്ല. ഏതാനും ദിവസം മുമ്പ് എട്ട് വിദ്യാര്‍ത്ഥിനികള്‍ രോഗബാധിതരായി ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടത്.

രോഗബാധിതരായ വ്യക്തികളുടെ രക്തം, മലം, മൂത്രം എന്നിവ ശേഖരിച്ചിരുന്നു. ബാക്ടീരിയ പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും, വൈറസ് പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്കും അയച്ചു. ആലപ്പുഴയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.

രോഗബാധ പൂര്‍ണമായും നിയന്ത്രണത്തിലാകുന്നതുവരെ ഹോസ്റ്റലില്‍ നിന്ന് ആരെയും വീട്ടിലേക്ക് വിടരുതെന്ന നിര്‍ദ്ദേശം നല്‍കി.

മറ്റ് ജില്ലകളിലുള്ള വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് പോയവരുണ്ടെങ്കില്‍ വിവരം ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് അറിയിക്കാനും രോഗം പടരുന്നത് തടയാനും നിര്‍ദ്ദേശിച്ചു.

ഈ വൈറസ് വലിയ അപകടകാരിയല്ലെങ്കിലും പ്രായമായവരിലും ഗര്‍ഭിണികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഗുരുതരമാകാനുള്ള സാധ്യതയുണ്ട്.

240 വിദ്യാര്‍ത്ഥിനികളും 15 ജീവനക്കാരും ഹോസ്റ്റലിലുണ്ട്. വീട്ടില്‍ പോയവര്‍ ഡി.എം ഓഫീസില്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Related posts

Leave a Comment