കൽപ്പറ്റ: വയനാട് ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച സാന്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
വെറ്ററിനറി കോളജ് വനിതാ ഹോസ്റ്റലിലെ വിദ്യാർഥികൾക്കിടയിൽ വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് വിദ്യാർഥികളുടെ മലം പരിശോധനയ്ക്കായി അയച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
ലക്ഷണങ്ങൾ
വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.
രോഗ ബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സന്പർക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയിൽ നിന്ന് പുറത്തെത്തുന്ന ശ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും.
കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കും.
നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യോ എല്ലാവരിലും വൈറസ് ബാധിക്കാം.
വൈറസ് ബാധിച്ച് രണ്ടു ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വൈറസ് ബാധിതർ വീട്ടിലിരിക്കേണ്ടതും, ഒആർഎസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ നന്നായി കുടിക്കേണ്ടതുമാണ്. ലക്ഷണങ്ങൾക്ക് അനുസരിച്ച് ചികിത്സ ലഭ്യമാണ്.
രോഗികൾ മറ്റുള്ളവർക്കു ഭക്ഷണം പാകം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്നു മുതൽ മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ മാറാം.
എന്നാൽ അതു കഴിഞ്ഞുള്ള രണ്ടു ദിവസം വരെ രോഗിയിൽ നിന്ന് വൈറസ് പടരാൻ സാധ്യതയുണ്ട്. അതിനാൽ രോഗം മാറി കുറഞ്ഞതു രണ്ടു ദിവസത്തേക്കെങ്കിലും പുറത്തു പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.