കൊച്ചി: ക്യാമ്പുകളില്‍ കഴിയുന്ന അതിഥിത്തൊഴിലാളികള്‍ക്ക് ദിവസേന മൂന്നു നേരം ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി.
അതിഥിത്തൊഴിലാളികളുടെ ആഹാരം പാകം ചെയ്യുന്ന കമ്യൂണിറ്റി കിച്ചനുകളില്‍ കേരള, നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും അവരുടെ അഭിപ്രായങ്ങള്‍ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മോശമായ കെട്ടിടങ്ങളില്‍ താമസിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ ഒരുക്കാനും അവരെ മാറ്റി താമസിപ്പിക്കാനും മന്ത്രി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി.
അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളില്‍ സൗകര്യമൊരുക്കാത്തവര്ക്കെതിരേ നിയമ നടപടി എടുക്കാന്‍ കളക്ടര്‍ എസ്. സുഹാസ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ നിന്നുള്ള വോളന്റിയര്‍മാരുടെ സേവനം ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.