ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കം ഇടിഞ്ഞതിനെത്തുടര്‍ന്ന് കുടുങ്ങിയ 40 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം വീണ്ടും തടസപ്പെട്ടു. തുരങ്കത്തിനുള്ളിൽനിന്നു വലിയ ശബ്ദം കേട്ടതിനെത്തുടർന്ന് തുരക്കൽ നിർത്തിവച്ചുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തുരങ്കം വീണ്ടും ഇടിഞ്ഞതായി ആശങ്ക പരന്നിട്ടുണ്ട്. ഇതേത്തുടർന്നു വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്.
ഡ്രില്ലിംഗ് മെഷീന് അവശിഷ്ടങ്ങള്‍ക്കിടയിലെ ലോഹഭാഗങ്ങളില്‍ തട്ടി ഇന്നലെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരുന്നെങ്കിലും തകരാര്‍ പരിഹരിച്ച് രാത്രിയോടെ ഡ്രില്ലിംഗ് പുനരാരംഭിച്ചിരുന്നു. ഗ്യാസ് കട്ടറുകളുപയോഗിച്ച് ലോഹഭാഗങ്ങള്‍ മുറിച്ചുമാറ്റിയാണു ഡ്രില്ലിംഗ് പുനരാരംഭിക്കാനായത്. വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്ന് അമേരിക്കന്‍ നിര്‍മിത കൂറ്റന്‍ ഡ്രില്ലിംഗ് മെഷീന് എത്തിച്ചതോടെ രക്ഷാദൗത്യത്തിന് വേഗത കൈവന്നിരുന്നു.
മറ്റൊരു ഡ്രില്ലിംഗ് മെഷീന്‍കൂടി ഇന്നു രാവിലെ ഇന്‍ഡോറില്‍നിന്ന് വിമാനമാര്‍ഗം എത്തിക്കും. ഇതോടെ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാക്കാൻ കഴിയും. 25 മീറ്ററോളം തുരന്നുപോയ ഡ്രില്ലിംഗ് മെഷീന് ഇന്നലെ രാവിലെ പത്തോടെയാണു ലോഹഭാഗങ്ങളില്‍ തട്ടിയത്. തുരന്ന ഭാഗത്തു സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് സുരക്ഷിതപാത ഒരുക്കാനാകും. അഞ്ചു പൈപ്പുകള്‍ ഇതിനോടകം അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടത്തിവിട്ടിട്ടുണ്ട്. കഴിഞ്ഞ ഞായാറാഴ്ച രാവിലെയാണു തുരങ്കമിടിഞ്ഞത്.
60 മീറ്ററോളം അവശിഷ്ടങ്ങൾ തുരന്നു മാറ്റി വേണം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് എത്താൻ. പ്രത്യേക കുഴലുകളിലൂടെ തൊഴിലാളികൾക്ക് വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ടെങ്കിലും രക്ഷാദൗത്യം വൈകുംതോറും ഇവരുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയേറുകയാണ്. ഏഴു ദിവസമായി തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ ചിലർക്ക് പനി ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളുണ്ട്.
തൊഴിലാളികളെ പുറത്തെത്തിക്കുന്ന പക്ഷം ഉടൻ ചികിത്സ നൽകുന്നതിനായി നിരവധി ഡോക്ടർമാരുൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെയും പത്ത് ആംബുലൻസുകളും സ്ഥലത്ത് സജ്ജമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ മാനസികാരോഗ്യവും ഡോക്ടർമാർ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്.