പതിനൊന്ന് പേരുടെയും ശരീരം ഛിന്നഭിന്നമായി ചിതറിത്തെറിച്ചു! ശരീരഭാഗങ്ങളിലൂടെ പട്ടാള ടാങ്കുകള്‍ കയറിയിറങ്ങി; ആ കാഴ്ച എന്നെ രോഗിയാക്കി; ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി വെളിപ്പെടുത്തുന്നു

ഉത്തരകൊറിയ അടക്കിവാണുകൊണ്ടിരിക്കുന്ന കിം ജോംഗ് ഉന്നിന്റെ ക്രൂരതകള്‍ ലോകത്തിന് അന്യമല്ല. എന്നാല്‍ തനിക്ക് നേരിട്ട് സാക്ഷിയാകേണ്ടി വന്ന ഉന്നിന്റെ ക്രൂരതകള്‍ അക്കമിട്ട് നിരത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തുനിന്ന് രക്ഷപെട്ട് ദക്ഷിണകൊറിയയില്‍ അഭയം പ്രാപിച്ച യുവതി. 11 സംഗീതജ്ഞരെ പരസ്യമായി വിമാനാക്രമണ പ്രതിരോധകമായ തോക്കുപയോഗിച്ച് വെടിവച്ചു കൊന്നതിനു താന്‍ സാക്ഷിയാണെന്നാണ് ഹീ യോണ്‍ ലിം എന്ന ഇരുപത്തിയാറുകാരി വെളിപ്പെടുത്തിയത്. 2015ല്‍ ഉത്തരകൊറിയയില്‍ നിന്ന് അമ്മയോടൊപ്പം ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെട്ടതാണ് ലിം. കിമ്മിന്റെ ക്രൂരതകളില്‍ നിന്നുള്ള രക്ഷപെടലായിരുന്നു അതും.

അശ്ലീല ചിത്രം നിര്‍മിച്ചുവെന്നാരോപിച്ചാണ് പതിനൊന്ന് സംഗീതജ്ഞരെ അതിക്രൂരമായി കിം കൊലപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ… ‘അവരെ കൈകെട്ടി, ശബ്ദമുണ്ടാക്കാതിരിക്കാന്‍ വാമൂടിക്കെട്ടി, കറുത്ത തുണി കൊണ്ടു മുഖം മൂടി, ചാട്ടകൊണ്ടടിച്ചാണു തോക്കിനു മുന്നില്‍ കൊണ്ടുവന്നത്. ശിക്ഷ നടപ്പാക്കുന്നതു കാണാന്‍ 10,000 ആളുകളെ സ്ഥലത്ത് വിളിച്ചുകൂട്ടിയിരുന്നു. അക്കൂട്ടത്തിലായിരുന്നു ഞാനും. ഒന്നിനു പുറകെ ഒന്നായി പീരങ്കികള്‍ വെടിയുതിര്‍ത്തു. പതിനൊന്ന് പേരുടെയും ശരീരം ഛിന്നഭിന്നമായി ചിതറിത്തെറിച്ചു. ശരീരഭാഗങ്ങള്‍ക്കു മുകളിലൂടെ പട്ടാള ടാങ്കുകള്‍ കയറിയിറങ്ങി. 200 അടി അടുത്തുനിന്നു കാണേണ്ടി വന്ന ആ കാഴ്ച എന്നെ രോഗിയാക്കി’. ലിം പറയുന്നു.

സഹപാഠികളിലൊരാളെ കിം ലൈംഗിക അടിമയാക്കാന്‍ പിടിച്ചുകൊണ്ടു പോയപ്പോഴാണു രക്ഷപ്പെടാന്‍ തീരുമാനിച്ചത്. അമ്മയ്ക്കും സഹോദരനുമൊപ്പം ജീവന്‍ കൈയ്യിലെടുത്താണ് രാജ്യത്തുനിന്നു കടന്നതെന്നും ലിം കൂട്ടിച്ചേര്‍ത്തു. വധശിക്ഷകള്‍ നടപ്പാക്കുമ്പോള്‍ കാണാന്‍ ആളുകളെ വിളിച്ചു ചേര്‍ക്കുന്നതും അതു കഴിഞ്ഞാല്‍ മൃഷ്ടാന്നഭോജനം കഴിക്കുന്നതും കിമ്മിന്റെ വിനോദമാണെന്നും ലിം പറയുന്നു.

 

Related posts