അങ്ങനെ കോവിഡ് ഉത്തര കൊറിയയിലുമെത്തി. കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കോവിഡ് സ്ഥിരീകരിച്ചുവെന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നത് ഇതാദ്യമായാണ്. മറ്റു രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപിച്ചപ്പോള്‍ ഉത്തര കൊറിയ അതിര്‍ത്തികളെല്ലാം അടച്ചിരുന്നു.
തലസ്ഥാനമായ പ്യോങ്യാങ്ങിലുള്‍പ്പെടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്നാണ് ലോക്ഡൗണ്‍ അവസാനിപ്പിക്കുക എന്ന് വിവരമില്ല.
പ്യോങ്യാങ്ങിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയും കര്‍ശനമായി അടിയന്തരാവസ്ഥ നടപ്പാക്കണമെന്നും നിര്‍ദേശിച്ചു.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വൈറസിനെ വേരോടെ പിഴുതെറിയണമെന്ന് കിം ആവശ്യപ്പെട്ടു.
‘അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നഗരങ്ങളുള്‍പ്പെടെ എല്ലാ സ്ഥലങ്ങളും അടച്ചിടണം. നിര്‍മാണ പ്രവര്‍ത്തനങ്ങളും വ്യാപാരങ്ങളും യൂണിറ്റുകളില്‍ മാത്രമായി ചുരുക്കണമെന്നും കിം പറഞ്ഞു.
ഉത്തര കൊറിയയിലെ 25 മില്യന്‍ ജനങ്ങളില്‍ ആരും തന്നെ വാക്സീന് സ്വീകരിച്ചിട്ടില്ല. വാക്സീന് നല്‍കാമെന്ന് ലോകാരോഗ്യ സംഘടനയും ചൈനയും റഷ്യയും അറിയിച്ചിട്ടും നിരസിക്കുകയാണുണ്ടായത്.
അതേസമയം, ദക്ഷിണ കൊറിയയില്‍ വന്‍ തോതില്‍ വാക്സീന് വിതരണം നടക്കുകയും കോവിഡ് നിയന്ത്രണ വിധേയമാകുകയും ചെയ്തു.