ഐഎസ്ആര്‍ഒയെ ലക്ഷ്യമിട്ട് ഉത്തരകൊറിയയുടെ സൈബര്‍ പടയൊരുക്കം; പുതിയ റാന്‍സംവെയര്‍ വികസിപ്പിച്ചതായി വിവരം

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയ്ക്ക് നേര്‍ക്ക് നേരെ സൈബര്‍ ആക്രമണത്തിനായി ഉത്തരകൊറിയ തയ്യാറെടുക്കുന്നതായി വിവരം. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണമാണ് ഉത്തരകൊറിയയുടെ അടുത്ത പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ലാബുകളിലെ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനിലൂടെ ചോര്‍ത്താന്‍ ഉത്തരകൊറിയന്‍ സംഘം ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് സൂചന.

ഐഎസ്ആര്‍ഒയുടെ നിയന്ത്രണത്തിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററും ഇന്ത്യന്‍ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയും ഉത്തരകൊറിയന്‍ സംഘം ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യാന്തര സൈബര്‍ ഭീഷണികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ ആറുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമെ മലേഷ്യ, ന്യൂസിലന്‍ഡ്, നേപ്പാള്‍, കെനിയ, മൊസാംബിക്, ഇന്തോനേഷ്യ തുടങ്ങി രാജ്യങ്ങളിലെ വിവരങ്ങള്‍ക്കായും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെ വിവിധ രാജ്യങ്ങളിലെ മിസൈല്‍ ടെക്‌നോളജി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ അടക്കം സ്വന്തമാക്കിയിട്ടുള്ളത്. പുതിയ റാന്‍സംവെയര്‍ വികസിപ്പിച്ചതായും സൂചനയുണ്ട്‌. ഈ വാര്‍ത്ത പുറത്തു വന്നതോടെ ഇന്ത്യയുടെ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ കമ്പ്യൂട്ടറുകള്‍ക്കുള്ള സുരക്ഷ ശക്തമാക്കിയതായാണ് വിവരം.

 

Related posts