ആയുധശേഷികാട്ടി പേടിപ്പിച്ചുകൊണ്ട് ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് ഉത്തരകൊറിയ. എന്നാല്‍ ഉത്തരകൊറിയയെക്കുറിച്ച് ആരും വിചാരിക്കാത്ത ചില കാര്യങ്ങളാണ് ഇപ്പോള്‍ വെളിച്ചത്തു വന്നിരിക്കുന്നത്. ഉത്തരകൊറിയയില്‍ നിന്നും 2015 ല്‍ രക്ഷപ്പെട്ട 42കാരനായ ഹാനാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ജൈവ-രാസ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള 300-400 ഡ്രോണുകള്‍ (ആളില്ലാ വിമാനം) ഉത്തരകൊറിയക്കുണ്ടെന്നുള്ള വിവരമാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. വ്യോമസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ഉത്തരകൊറിയന്‍ ഭരണകൂടവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നയാളാണ് അദ്ദേഹം. ജാപ്പനീസ് പത്രമായ സേകി നിപ്പോയാണ് ജിന്‍ മ്യോങ് ഹാനിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1990കള്‍ മുതല്‍ തന്നെ ഉത്തരകൊറിയ രാസ- ജൈവ ആയുധങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും നിലവില്‍ ഇത്തരം ആയുധങ്ങള്‍ ഡ്രോണുകളുപയോഗിച്ച് ലക്ഷ്യത്തിലെത്തിക്കാനുള്ള ശേഷി ഉത്തരകൊറിയക്കുണ്ടെന്നുമാണ് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയത്. 2014ല്‍ മൂന്ന് ഉത്തരകൊറിയന്‍ ഡ്രോണുകള്‍ ദക്ഷിണകൊറിയന്‍ മേഖലയില്‍ തകര്‍ന്നുവീണതോടെയാണ് ഇത്തരമൊരു അപായ സാധ്യത ലോകത്തിന് ലഭിക്കുന്നത്. കാമറകള്‍ ഘടിപ്പിച്ചിരുന്ന ഈ ഡ്രോണുകള്‍ നിരീക്ഷണത്തിനായാണ് ഉപയോഗിച്ചിരുന്നതെന്നാണ് കരുതുന്നത്. ഇലക്ട്രോണിക് ജാമറുകള്‍ ഉപയോഗിച്ച് തങ്ങളുടെ പരിധിയിലുള്ള ഡ്രോണുകളെ നിഷ്‌ക്രിയമാക്കാനുള്ള ശേഷി ദക്ഷിണ കൊറിയക്കുണ്ട്.
എന്നാല്‍ ദക്ഷിണകൊറിയന്‍ റഡാറുകളെ പറ്റിക്കുന്ന വിധത്തില്‍ താഴ്ന്നുപറക്കാന്‍ ശേഷിയുള്ളവയാണ് ഉത്തരകൊറിയന്‍ ഡ്രോണുകളെന്നത് വെല്ലുവിളി വര്‍ധിപ്പിക്കുന്നു. 1990കളില്‍ ഉത്തരകൊറിയന്‍ വ്യോമസേനയുടെ ഡ്രോണുകളിലെ റേഡിയോ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലാണ് ഹാന്‍ ഉണ്ടായിരുന്നത്. അന്ന് ഇത്തരം ഡ്രോണുകളുപയോഗിച്ച് രാസായുധങ്ങള്‍ പരീക്ഷിച്ച അനുഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ചില കുന്നുകളിലും കാടുകളിലും രാസ- ജൈവ ആയുധങ്ങള്‍ പ്രയോഗിച്ചു. ഇതിന്റെ ഫലമായി മൃഗങ്ങള്‍ ചത്തുവെങ്കിലും മരങ്ങള്‍ക്കും ചെടികള്‍ക്കുമൊന്നും യാതൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം ഓര്‍ക്കുന്നു. ഇത്തരം ജൈവ-രാസ ആസുധങ്ങളുടെ ഉപയോഗം ചെറുതല്ലാത്ത ഭീഷണിയാണ് ലോകത്തിന് ഉയര്‍ത്തുന്നതെന്നാണ് ഹാന്‍ വെളിപ്പെടുത്തുന്നത്.