സോള്: ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഭീതിയുണര്ത്തി ഉത്തരകൊറിയ. അമേരിക്കയുടെ വിമാനവാഹിനി കപ്പല് യുഎസ്സ് കാള് വിന്സന് കൊറിയന് തീരത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന റിപ്പോര്ട്ടുകള് പുറത്തു വന്നുകൊണ്ടിരിക്കെ ഉത്തര കൊറിയ നടത്തിയ പീരങ്കിപ്പടയുടെ ദൃശ്യങ്ങള് പുറത്തു വന്നത് ലോകമെമ്പാടുമുള്ള ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്.തങ്ങളുടെ സൈനിക ശക്തി വെളിപ്പെടുത്തുന്ന വന് സൈനിക റാലിയും ആയുധ മിസൈല് ശേഖരണ പ്രദര്ശനവും തലസ്ഥാന നഗരിയില് നടത്തിയതിനു പിന്നാലെയാണ് പീരങ്കിപ്പടയുടെ ആക്രമണ ദൃശ്യങ്ങള് പുറത്തു വിട്ടത്.
ലോകത്തോട് ഏറ്റുമുട്ടാനുള്ള വമ്പന് സേന രാജ്യത്തിനു സ്വന്തമാണെന്ന് കിം ജോങ് ഉന് പീരങ്കിപ്പടയുടെ ആക്രമണ ദൃശ്യങ്ങളിലൂടെ തെളിയിക്കുകയാണ്. യുഎസിന്റെ യുദ്ധവാഹിനി കൊറിയന് തിരത്തേയ്ക്ക് അടുത്തതോടെയാണ് വീണ്ടും ഉത്തരകൊറിയ പ്രകോപനവും സൈനികഭ്യാസവും നടത്തിയത്.’കൊറിയന് പീപ്പിള്സ്’ ആര്മിയുടെ 85-ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് സൈനികാഭ്യാസം നടത്തിയത്്. ഉത്തരകൊറിയന് ഏകാധിപതി കിം ജോങ് ഇന് സൈനികാഭ്യാസം കാണാന് നേരിട്ടെത്തിയതും ലോകത്തിന്റെ ഭീതി വര്ധിപ്പിക്കുകയാണ്. ആക്രമണം മുന്നില്ക്കണ്ട് ഉത്തരകൊറിയന് സൈന്യം വോന്സണില് യുദ്ധ പരിശീലനം നടത്തിയിരുന്നുവെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയത് തന്നെ ലോകത്തെ നടുക്കിയിരുന്നു. അമേരിക്കയും ഉത്തരകൊറിയയും സൃഷ്ടിക്കുന്ന യുദ്ധാന്തരീക്ഷം മൂന്നാം ലോകയുദ്ധത്തിലേക്ക് നയിക്കുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.